കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍
തിരുവനന്തപുരം: സ്വകാര്യ ചികിത്സാ സ്ഥാപനങ്ങളിലെ കൊള്ള നിയന്ത്രിക്കുന്നതിനുള്ള കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍-2017ന് ആരോഗ്യവകുപ്പ് രൂപംനല്‍കി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ലബോറട്ടറികള്‍, സ്‌കാനിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വന്‍ തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ ബില്ലിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും നിയമനിര്‍മാണത്തിലേക്ക് കടക്കുന്നത്.
ആരോഗ്യമേഖലയിലെ സ്വകാര്യ ചികിത്സാ കേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ നിലവില്‍ നിയമമില്ല. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഈ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് വര്‍ഷങ്ങളായി തടസപ്പെട്ട ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തത്. ബില്‍പ്രകാരം സര്‍ക്കാര്‍ ആശുപത്രികള്‍, ഫാര്‍മസികള്‍ എന്നിവയും നിയമത്തിന്റെ പരിധിയില്‍ വരും. ചികിത്സാച്ചെലവുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക, രോഗവിവരം രേഖാമൂലം രോഗികള്‍ക്കു ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ബില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആശുപത്രികളിലെയും ലാബുകളിലെയും സൗകര്യങ്ങള്‍ വിലയിരുത്തി വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകള്‍ നിശ്ചയിക്കുക. നിയമം പ്രാബല്യത്തിലാകുന്നതോടെ രക്തപരിശോധന, എക്‌സ്‌റേ, സ്‌കാനിങ് തുടങ്ങിയ എല്ലാ പരിശോധനകള്‍ക്കും സര്‍ക്കാരായിരിക്കും നിരക്ക് നിശ്ചയിക്കുക. ആശുപത്രികളിലെ മറ്റുനിരക്കുകള്‍ക്കും നിയന്ത്രണമുണ്ടാകും. അപേക്ഷ നല്‍കുന്ന മുഴുവന്‍ ആശുപത്രികള്‍ക്കും ആദ്യഘട്ടത്തില്‍ അനുമതി നല്‍കാനാണ് തീരുമാനം. എന്നാല്‍, ഒരു വര്‍ഷത്തിനുശേഷം നടത്തുന്ന പരിശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയാല്‍ സ്ഥിരം രജിസ്‌ട്രേഷന്‍ ലഭിക്കില്ല.
എല്ലാ സംസ്ഥാനങ്ങളും നിയമം നടപ്പാക്കണമെന്ന നിര്‍ദേശത്തോടെ 2010ലാണ് കേന്ദ്ര സര്‍ക്കാര്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിന് രൂപംനല്‍കിയത്. ഇതേത്തുടര്‍ന്ന് 2013ല്‍ കേരളവും ബില്‍ തയാറാക്കിയിരുന്നു. എന്നാല്‍, ബില്ലിന് നിയമസഭയുടെ അംഗീകാരം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. സ്വകാര്യലോബിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബില്‍ മരവിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ബില്ലിന് വീണ്ടും ജീവന്‍ വയ്ക്കുകയായിരുന്നു. മന്ത്രിസഭയും നിയമവകുപ്പും ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിക്കഴിഞ്ഞതിനാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ആരോഗ്യരംഗത്തെ ചൂഷണങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും ഒരുപരിധിവരെ നിയന്ത്രണം ഏര്‍പ്പെടുത്താമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."