അംഗീകാരം നഷ്ടമായ നഴ്‌സിങ് കോളജുകളും പ്രവേശന നടപടികളുമായി മുന്നോട്ട്
തിരുവനന്തപുരം: അംഗീകാരം നഷ്ടമായ സ്വകാര്യ നഴ്‌സിങ് കോളജുകളും പ്രവേശന നടപടികളുമായി മുന്നോട്ട്. ക്രൈസ്തവ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള ഈ കോളജുകള്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ പട്ടിക നാളെ പ്രസിദ്ധീകരിക്കും.
ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ പ്രവേശനാനുമതി നല്‍കിയ കോളജുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുതന്നെ അസോസിയേഷന് കീഴിലുള്ള 32 കോളജുകളും പ്രവേശന നടപടികള്‍ ആരംഭിച്ചിരുന്നു. എം.എസ്‌സി, ബി.എസ്‌സി, പോസ്റ്റ് ബി.എസ്‌സി കോഴ്‌സുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. 50 ശതമാനം സീറ്റുകളിലേക്കാണ് ഏകജാലക സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചിരുന്നത്. അപേക്ഷ നല്‍കേണ്ട അവസാന തിയതി ജൂണ്‍ 21 ആയിരുന്നു.
ക്രൈസ്തവ മാനേജ്‌മെന്റ് അസോസിയേഷന് കീഴിലുള്ള ഹോളി ക്രോസ് നഴ്‌സിങ് കോളജ് പത്തനംതിട്ട, ലിറ്റില്‍ ലൂര്‍ദ്ദ് നഴ്‌സിങ് കോളജ് കോട്ടയം, മേര്‍സി നഴ്‌സിങ് കോളജ്, സാന്‍ജോ നഴ്‌സിങ് കോളജ് പെരുമ്പാവൂര്‍, സ്‌നേഹോദയ ഇരിങ്ങാലക്കുട എന്നീ കോളജുകള്‍ക്ക് മാത്രമാണ് ഇത്തവണ അനുമതി ലഭിച്ചത്.
എം.എസ്‌സി കോഴ്‌സ് നടത്താന്‍ 15ലധികം കോളജുകള്‍ക്ക് കഴിഞ്ഞവര്‍ഷം നഴ്‌സിങ് കൗണ്‍സിലിന്റെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഭൂരിഭാഗം കോളജുകളുടെയും അനുമതി റദ്ദാക്കുകയായിരുന്നു.
പുതിയ അധ്യയന വര്‍ഷത്തേക്ക് എം.എസ്‌സി കോഴ്‌സിനുള്ള അനുമതി ലഭിച്ചത് അസോസിയേഷന് കീഴിലുള്ള തൃക്കാക്കര ലൂര്‍ദ്ദ് കോളജിന് മാത്രമാണ്. ഇവിടെ 25 സീറ്റുകള്‍ക്കാണ് നഴ്‌സിങ് കൗണ്‍സില്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍, നിയമം കാറ്റില്‍പ്പറത്തി 17 കോളജുകളില്‍ അസോസിയേഷന്‍ പ്രവേശനം ആരംഭിച്ചുകഴിഞ്ഞു.
മുന്‍വര്‍ഷം ലഭിച്ച അനുമതിയുടെ മറവിലാണ് ഇപ്പോഴും മാനേജ്‌മെന്റ് പ്രവേശനം നടത്തുന്നത്. അപേക്ഷാ ഫീസിനത്തില്‍ മാത്രം ഒരാളില്‍നിന്ന് ഈടാക്കുന്നത് ആയിരം രൂപയാണ്. എം.എസ്‌സി കോഴ്‌സിന് വാര്‍ഷിക ഫീസായി ഒരു ലക്ഷം രൂപയാണ് ഈടാക്കുന്നത്. പ്രത്യേക ഫീസായി 50,000 രൂപയും നല്‍കണം. ബി.എസ്‌സി നഴ്‌സിങ്ങിന് ട്യൂഷന്‍ ഫീസായി 55,000 രൂപയും പ്രത്യേക ഫീസായി 15,000 രൂപയും നല്‍കണം. ഇത്തരത്തില്‍ കോടികള്‍ മാനേജ്‌മെന്റ് ഈടാക്കുമ്പോള്‍ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."