വെടിക്കെട്ടപകടങ്ങള്‍ ഇല്ലാതാക്കാന്‍ സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള കര്‍ശന പരിശോധന ആവശ്യമെന്ന് ജഡ്ജി
ഭരണ കര്‍ത്താക്കള്‍ വെടിക്കെട്ടപകടങ്ങള്‍ റോഡപകടങ്ങളെന്ന
പോലെ പ്രതിരോധിക്കണം
പാലക്കാട്: വെടിക്കെട്ടപകടങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കാന്‍ സ്‌ഫോടകവസ്തു നിയമപ്രകാരമുളള കര്‍ശന പരിശോധനകള്‍ സജീവമാക്കണമെന്ന് ജില്ല സെഷന്‍സ് ജഡ്ജ് ടി.വി അനില്‍ കുമാര്‍. അത്തരം പരിശോധനകള്‍ക്ക് ഉദ്യോഗസ്ഥര്‍ അനുമതി തേടേണ്ടതില്ല. വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് അനുമതി നേടുന്ന ലൈസന്‍സികള്‍ അല്ലെങ്കില്‍ കരാറുകാരാണ് അപകടങ്ങളെ തുടര്‍ന്നുളള നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സിവില്‍ നിയമം പറയുന്നു. എന്നാല്‍ കരാറുകാര്‍ക്ക് അതിനുളള പ്രാപ്തി ഉണ്ടാകാത്ത പക്ഷം അവരുടെ നഷ്ടം ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ബോധവന്മാരാവുകയും നിയമലംഘനം തടയുകയും വേണം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റിയും കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസും സംയുക്തമായി സംഘടിപ്പിച്ച സ്‌ഫോടകവസ്തു നിയമങ്ങളെ കുറിച്ചുളള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വെടിക്കെട്ടപകടങ്ങളും വന്‍തോതില്‍ സാമൂഹ്യവും സാമ്പത്തികവുമായ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഭരണകര്‍ത്താക്കള്‍ വെടിക്കെട്ടപകടങ്ങള്‍ റോഡപകടങ്ങളെയെന്ന പോലെ പ്രതിരോധിക്കണം. ഇതിനു പുറമെ വെടിക്കെട്ടുകള്‍ മതാചാരമാണെന്നതില്‍ വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ അതിന്റെ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അവയ്ക്കായി ചിലവഴിക്കുന്ന തുക മറ്റ് വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ സാമൂഹ്യ നന്മക്കുതകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലക്ടര്‍ പി. മേരിക്കുട്ടി അദ്ധ്യക്ഷയായി. സംസ്ഥാന ഫോറന്‍സിക് ലാബ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മ ജോണ്‍, അഡ്വ. വി. വിജയ മുഖ്യപ്രഭാഷണം നടത്തി. സബ് ജഡ്ജിയും ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ രാജീവ് ജയരാജ്, വിശ്വാസ് സെക്രട്ടറി പി.പ്രേംനാഥ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. ശാന്താദേവി, വി.പി കുര്യാക്കോസ്, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ. ജോസ്‌പോള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."