കമ്പനി ഉടമകള്‍ തമ്മിലുള്ള കേസില്‍ സാക്ഷിയായി, ആലപ്പുഴ സ്വദേശിക്ക് നാടണയാനായത് പതിറ്റാണ്ടിനു ശേഷം
ദമാം: ജോലി ചെയ്തിരുന്ന കമ്പനി ഉടമകള്‍ തമ്മിലുള്ള കേസില്‍ സാക്ഷിയാക്കപ്പെട്ടതോടെ പതിറ്റാണ്ടുകളായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന ആലപ്പുഴ സ്വദേശി ഒടുവില്‍ നാടണഞ്ഞു. പ്ലീസ് ഇന്ത്യ സാമൂഹ്യ പ്രവര്‍ത്തകരുടെ സജീവ ഇടപെടല്‍ മൂലം ആലപ്പുഴ, ഹരിപ്പാട് ചിങ്ങോലി സ്വദേശി ചന്ദ്രന് (65) നാണ് ഒടുവില്‍ മോചനം ലഭിച്ചത്. മോചനം ലഭിച്ചതോടെ പതിറ്റാണ്ടുകളായി നാട് സ്വപ്നം കണ്ടിരുന്ന ചന്ദ്രന്‍ ഒടുവില്‍ നാട്ടിലേക്കു തിരിച്ചു. സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് കമ്പനി തന്നെ കേസില്‍ നിന്നൊഴിവാക്കി നാട്ടിലേക്കു പോകാനായി എക്‌സിറ്റ് നല്‍കുകയായിരുന്നു. ഒടുവില്‍ ശമ്പള കുടിശ്ശികയും മറ്റു ആനുകൂല്യങ്ങള്‍ നല്‍കാനും കമ്പനി തയാറായതും ഏറെ ആശ്വാസമായി. ഒരിക്കലും മോചനം ലഭിക്കുമെന്ന് പോലും കരുതാത്ത കേസില്‍ നിന്നും മോചനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ചന്ദ്രന്‍.
റിയാദ് കേന്ദ്രമായുള്ള ഒരു പ്രമുഖ കമ്പനിയില്‍ അക്കൗണ്ടന്റായി 25 വര്‍ഷമായി ജോലിചെയ്തു വന്ന ചന്ദ്രന്‍ 10 വര്‍ഷമായി ഹഫൂഫ് ശാഖയിലായിരുന്നു. ഇതിനിടെ കമ്പനി പുഷ്ടി പ്രാപിച്ചതോടെ ഉടമകളായ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കം ആരംഭിച്ചതോടെയാണ് ചന്ദ്രന്റെ ദുരിതം ആരംഭിക്കുന്നത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ചന്ദ്രനെയും മറ്റു രണ്ട് സുഡാനി പൗരന്മാരേയും പോലീസ് സാക്ഷികളാക്കിയിരുന്നു. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകും വരെ ചന്ദ്രന് യാത്രാ നിരോധനവും ഏര്‍പ്പെടുത്തി.
യാത്രാ നിരോധനം കൂടി ആയതോടെ കേസ് നടപടികള്‍ അനന്തമായി നീണ്ടതോടെ നാടെന്ന സ്വപ്നവുമായി കഴിയാനായിരുന്നു ചന്ദ്രന്റെ നിയോഗം. നാട്ടില്‍ പോകാനായി നിരവധി വാതിലുകള്‍ മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടയിലാണ്
സാമൂഹ്യ പ്രവര്‍ത്തകനായ പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചിയോട് ചന്ദ്രന്റെ ഭാര്യയും മക്കളും നാട്ടില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചത്. ലേബര്‍ കോടതിയില്‍ കേസ് നല്‍കാനായിരുന്നു എല്ലാവരുടേയും ഉപദേശം. എന്നാല്‍, കേസ് നല്‍കിയാല്‍ വീണ്ടും കാത്തിരിക്കലാകും ഫലമെന്നറിയാവുന്ന ലത്തീഫ് കമ്പനിയുമായി അനുരഞ്ജന ശ്രമത്തിന് മുതിരുകയായിരുന്നു. മൂന്നു വര്‍ഷത്തിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ ഇത് വിജയം കാണുകയായിരുന്നു.
പ്രവാസി ലീഗല്‍ സെല്‍ ദേശീയ പ്രസിഡന്റ് ജോസ് എബ്രഹാമിന്റെ സഹായത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും സഊദി മനുഷ്യാവകാശ കമീഷനും പരാതികളയച്ചതോടെ ഇരു കേന്ദ്രങ്ങളും കമ്പനിക്ക് കത്തുകളയച്ചു. കേസില്‍ ഉള്‍പ്പെട്ട ഇരു കമ്പനി ഉടമകളേയും കണ്ട് ചന്ദ്രന്റെ അവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒടുവില്‍ കമ്പനിതന്നെ ഇടപെട്ട് ചന്ദ്രനെ കേസില്‍നിന്ന് ഒഴിവാക്കുകയും എല്ലാ ആനുകൂല്യങ്ങളും നല്‍കി എക്‌സിറ്റില്‍ നാട്ടിലയക്കുകയുമായിരുന്നു. 25 കൊല്ലം നീണ്ട പ്രവാസത്തിനിടയില്‍ ചന്ദ്രന്‍ ആറ് പ്രാവശ്യം മാത്രമാണ് നാട്ടില്‍ പോയിട്ടുള്ളത്. അക്കൗണ്ടന്റ് എന്നതിലുപരി കമ്പനിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചയാളുകൂടിയായിരുന്നു ചന്ദ്രന്‍.
പീസ് ഇന്ത്യ ഗ്ലോബല്‍ ഭാരവാഹികളായ മിനി മോഹന്‍, അഡ്വ. റിജി ജോയ്, നീതു ബെന്‍, വിജയ ശ്രീ, റഫീസ് വളാഞ്ചേരി എന്നിവരും വിവിധ ഘട്ടങ്ങളില്‍ കേസിന് സഹായവുമായി ഇടപെട്ടിരുന്നു.
ചന്ദ്രനെ യാത്രയാക്കാന്‍ പ്ലീസ് ഇന്ത്യ പ്രവര്‍ത്തകരായ ലത്തീഫ് തെച്ചി, ഡോ. മജീദ് ചിങ്ങോലി, കുഞ്ഞുമോന്‍ പത്മാലയം, സലീഷ് മാസ്റ്റര്‍, ഷബീന്‍ ജോര്‍ജ് എന്നിവരും എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."