കെ. സുരേന്ദ്രനെതിരെ ഗൂഢാലോചന കേസും; ജയില്‍മോചനം ഇനിയും നീളും
പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ സന്നിധാനത്ത് ആക്രമിച്ച കേസിലാണ് സുരേന്ദ്രനെയും പ്രതി ചേര്‍ത്തത്. നിലവില്‍ പൊലിസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ജയിലിലുള്ള സുരേന്ദ്രനെ അവിടെയെത്തി അറസ്റ്റ് ചെയ്‌തേക്കും.
സന്നിധാനം പൊലിസ് ക്രൈം നമ്പര്‍ 16/18 ആയി ചാര്‍ജ് ചെയ്തിരിക്കുന്ന കേസില്‍ ക്രിമിനല്‍ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായമായ സംഘംചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സുരേന്ദ്രന് പുറമെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബി.ജെ.പി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
നിലയ്ക്കലില്‍ നിരോധാനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ കെ.സുരേന്ദ്രന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, കണ്ണൂരില്‍ പൊലിസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ വാറണ്ട് ലഭിച്ച സുരേന്ദ്രന്‍ ഇപ്പോഴും കൊട്ടാരക്കര സബ് ജയിലിലാണ്.
കണ്ണൂരിലെ കേസില്‍ 26ന് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം. ഈ കേസ് പരിഗണിക്കുന്നത് നേരത്തെയാക്കാനും ജാമ്യമെടുക്കാനുമുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. ശബരിമലയും നിലയ്ക്കലും അടങ്ങുന്ന റാന്നി താലൂക്കില്‍ 2 മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."