ബഹ്റൈനില്‍ അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് തുടക്കമായി
# ഉബൈദുല്ല റഹ് മാനി
മനാമ: ജ്വല്ലറി അറേബ്യ എന്ന അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനത്തിന് ബഹ്റൈനില്‍ തുടക്കമായി. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന പ്രദര്‍ശനം ശനിയാഴ്ച സമാപിക്കും.
വിവിധ രാഷ്ട്രങ്ങളില്‍ നിന്ന് നിരവധി ജ്വല്ലറി സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഇന്ത്യയടക്കമുള്ള മുപ്പതോളം രാജ്യങ്ങളില്‍നിന്നായി 550 സ്ഥാപനങ്ങള്‍ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഇതില്‍ വടക്കേ ഇന്ത്യയില്‍നിന്നു മാത്രം 60 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. 43 സ്ഥാപനങ്ങളോടെ ഹോങ്കോങ്ങും രണ്ടാം സ്ഥാനത്തുണ്ട്.
ഇന്ത്യക്കും ഹോങ്കോങിനും പുറമെ അമേരിക്ക, ബ്രിട്ടണ്, ബ്രസീല്‍, ഗ്രീസ്, ജെര്‍മ്മനി, ഇറ്റലി, തായ്ലന്ഡ്, തുര്‍ക്കി, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് കഴിഞ്ഞ വര്‍ഷം 49 സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാനായി എത്തിയത്. വര്‍ഷം ചെല്ലുന്തോറും ഇന്ത്യയില്‍നിന്നുള്ള പ്രദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.
പ്രദര്‍ശന ഉദ്ഘാടനം ബഹ്റൈന്‍ പ്രധാനമന്ത്രി ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫ ഉള്‍പ്പെടെവിവിധ വകുപ്പു മന്ത്രിമാരും മന്ത്രാലയങ്ങളില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥരും വിവിധ എംബസിയില്നിന്നടക്കമുള്ള നയതന്ത്രപ്രതിനിധികളും പങ്കെടുത്തു.
വൈകിട്ട് നാലു മുതല്‍ രാത്രി പത്തുമണിവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാനുള്ള അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."