പകരം വീട്ടാനൊരുങ്ങി നീലപ്പട
മെല്‍ബണ്‍: ബ്രിസ്ബനില്‍ മഴയോട് തോറ്റു പോയതിന് കണക്കുതീര്‍ക്കാന്‍ ഇന്ത്യ ഇന്ന് വീണ്ടും ടി20 പോരാട്ടത്തിനിറങ്ങുന്നു. ആസ്ത്രേലിയന്‍ പരമ്പരയിലെ രണ്ടാമത്തെ ടി20 മത്സരം ഇന്ന് മെല്‍ബണില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്.
നന്നായി പൊരുതിയിട്ടും മഴ നിയമത്തോട് തോറ്റു പോവേണ്ടി വന്നതിന് പകരം വീട്ടാന്‍ ഉറച്ചു തന്നെയാണ് വിരാട് കോഹ്ലിയും കൂട്ടരും മെല്‍ബണില്‍ ഇറങ്ങുന്നത്. ആദ്യ ടി20 യില്‍ ഓസീസിനെതിരേ കളിച്ച ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. പേസര്‍ ഖലീല്‍ അഹ്മദിനെ അന്തിമ ഇലവനില്‍ നിന്നു ഒഴിവാക്കാനാണ് സാധ്യത. ബ്രിസ്ബനില്‍ ബാറ്റിങിലും ബൗളിങിലും നിരാശപ്പെടുത്തിയ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ തുടര്‍ന്നേക്കും. ഹാര്‍ദിക് പാണ്ഡ്യയുടെയും കേദാര്‍ ജാദവിന്റെയും അഭാവത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ ഏഴാമത് ഇറങ്ങാന്‍ ഓള്‍റൗണ്ടറായി ക്രുനാല്‍ മാത്രമാണുള്ളത്. ഇതു ക്രുനാലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ബ്രിസ്ബനില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താനായെങ്കിലു മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങിയതാണ് ഖലീലിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടിക്കുന്നത്. ലെഗ് സൈഡില്‍ ഓസീസ് ബാറ്റ്സ്മാന്മാര് കരുത്തരാണെന്നതും ഖലീലിന് വിനയാവുന്നു.
ഖലീലിന് പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ അന്തിമ ഇലവനില്‍ എത്തിയേക്കും. ബ്രിസ്ബനില്‍ ആസ്ത്രേലിയന്‍ ലെഗ് സ്പിന്നര്‍ ആദം സാംപ ഇന്ത്യന്‍ ബാറ്റിങ് നിരയെ വലച്ചിരുന്നു. ഇത് ചഹലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."