ശ്രീനഗറില്‍ സ്‌കൂളില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ വധിച്ചു മൂന്ന് ജവാന്മാര്‍ക്ക് പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മിര്‍ തലസ്ഥാനമായ ശ്രീനഗറിലെ പാന്താചൗക്കില്‍ ഡല്‍ഹി പബ്ലിക് സ്‌കൂളി(ഡി.പി.എസ്)ല്‍ നടന്ന മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം രണ്ടു ഭീകരരെ വധിച്ചു. ക്യാപ്റ്റന്‍ റാങ്കിലുള്ള ഒരാളടക്കം മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സ്‌കൂളിനകത്ത് ഭീകരര്‍ ഒളിച്ചുപാര്‍ക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് സൈന്യം സ്‌കൂളിലെത്തി ഭീകരരെ തുരത്താന്‍ ശ്രമം ആരംഭിച്ചത്. എന്നാല്‍, സൈന്യത്തിനെതിരേ ഭീകരര്‍ നിറയൊഴിച്ചതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നത്. അകത്തുനിന്നുള്ള ആക്രമണം നിലച്ചതോടെ സ്‌കൂള്‍ മുറികളില്‍ കയറി പരിശോധിച്ചപ്പോഴാണ് രണ്ട് ഭീകരരുടെ മൃതശരീരം കണ്ടെത്തിയത്. സ്‌കൂള്‍ പൂര്‍ണമായി പരിശോധിച്ച് ഭീകരര്‍ ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷം സൈനിക ഓപറേഷന്‍ അവസാനിപ്പിച്ചു.
കശ്മിരിലെ പണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളാണ് ഡി.പി.എസ്. ഇവിടെ ഭീകരര്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് ഇവിടെ നിന്ന് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ച ശേഷമാണ് സൈന്യം ഓപറേഷന്‍ ആരംഭിച്ചതെന്ന് ജമ്മു കശ്മിര്‍ ഡി.ജി.പി എസ്.പി വൈദ് പറഞ്ഞു. പരുക്കേറ്റ സൈനികരെ ബദാമി ബാഗ് കന്റോണ്‍മെന്റിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.
ശനിയാഴ്ച ശ്രീനഗര്‍-ജമ്മു ദേശീയപാത തുറക്കുന്നതിന്റെ ഭാഗമായി പാന്താചൗക്കിലെ ഡി.പി.എസിനടുത്ത് വിന്യസിക്കപ്പെട്ടിരുന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ സാഹിബ് ശുക്ല എന്നു പേരുള്ള ജവാന്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കോണ്‍സ്റ്റബിള്‍ ഡ്രൈവറായ നിസാര്‍ അഹ്മദിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചിനാറിലെ ഇന്ത്യന്‍ സൈനിക ആസ്ഥാനത്തുനിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുള്ള ഇവിടെ വന്‍ സുരക്ഷയുള്ള മേഖലയാണ്. ശനിയാഴ്ച ആക്രമണം നടന്നയുടന്‍ തന്നെ സ്ഥലത്ത് സൈനികരെ പൂര്‍ണമായി വിന്യസിച്ച് ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിരുന്നു. ശനിയാഴ്ചയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ ത്വയ്ബ ഏറ്റെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."