രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീരാകുമാറിന് പിന്തുണയുമായി യു.പിയില്‍ എസ്.പിയും ബി.എസ്.പിയും
ലഖ്‌നൗ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാറിന് സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും പിന്തുണ നല്‍കും. ആജന്മശത്രുക്കളായ ഇരുപാര്‍ട്ടികളും ഉത്തര്‍പ്രദേശില്‍ ഒരു കുടക്കീഴില്‍ അണിനിരക്കുന്നത് ബി.ജെ.പി വിരുദ്ധ ചേരിയുടെ ശക്തി വര്‍ധിപ്പിക്കും.
എന്‍.ഡി.എ ദലിത് സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിനെ രംഗത്തിറക്കിയപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് ബി.എസ്.പി നേതാവ് മായാവതി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ ദലിത് മുഖമായ മീരാകുമാറിനെ രംഗത്തിറക്കിയതോടെയാണ് ശത്രുത മറന്ന് ഉത്തര്‍പ്രദേശില്‍ സമാജ് വാദിക്കൊപ്പം നില്‍ക്കാന്‍ ബി.എസ്.പി തയാറായത്. ഇരു പാര്‍ട്ടികളുടെയും രംഗപ്രവേശനം ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ ചുവടുവയ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത് സമാജ് വാദി, ബി.എസ്.പി പാര്‍ട്ടികളുടെ അനൈക്യം മൂലമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സംസ്ഥാനത്ത് ശത്രുത മറന്ന് ഇരു പാര്‍ട്ടികളും രാഷ്ട്രപതി സ്ഥനാര്‍ഥിയായ മീരാകുമാറിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് ശക്തമായ തിരിച്ചടി നല്‍കുകയെന്ന തിരിച്ചറിവും ഇരുപാര്‍ട്ടികളുടെയും സംയുക്ത നീക്കത്തിന് പിന്നിലുണ്ട്.
ഇരുപാര്‍ട്ടികളും യോജിച്ചാല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് ലഭിക്കേണ്ട വോട്ടില്‍ വലിയ വ്യത്യാസം വരുത്താനോ മീരാ കുമാറിന് ശുഭപ്രതീക്ഷ നല്‍കാനോ കഴിയില്ലെങ്കിലും ഇരുവരുടെയും പിന്തുണ യു.പിയില്‍ കാവി രാഷ്ട്രീയത്തിന് വലിയ വെല്ലുവിളിയും പാഠവും നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സമാന മനസ്‌കരെ കൂട്ടുപിടിച്ച് ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി നല്‍കാന്‍ ഉതകുന്ന വിധത്തിലുള്ള ഒരു കൂട്ടായ്മ രൂപീകരിക്കാന്‍ അന്തരീക്ഷമൊരുക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 80 സീറ്റാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. 2014ല്‍ വന്‍ മുന്നേറ്റം നടത്തിയതിനു പകരം സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളും തങ്ങളുടെ വരുതിയിലാക്കുകയെന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിനെതിരേ ശക്തമായ ഒരു കൂട്ടായ്മ രൂപീകരിക്കാനാണ് പ്രതിപക്ഷം സാഹചര്യമൊരുക്കുന്നത്. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെയെല്ലാം ഒരു പ്ലാറ്റ്‌ഫോമിനുകീഴില്‍ കൊണ്ടുവരികയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് ആര്‍.ജെ.ഡി പ്രസിഡന്റ് അശോക് സിങ് പറഞ്ഞു.
ഓഗസ്റ്റ് 27ന് ബിഹാറിലെ പട്‌നയില്‍ ലാലുപ്രസാദ് യാദവ് സംഘടിപ്പിക്കുന്ന റാലിയില്‍ എസ്.പിയും ബി.എസ്.പിയും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളെ അണിനിരത്തുന്നുണ്ട്. ഇത് ബി.ജെ.പി വിരുദ്ധ ശാക്തിക ചേരിയുടെ രൂപപ്പെടലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ രൂപംകൊടുത്ത മഹാസഖ്യത്തിന്റെ സാധ്യത ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലും പരീക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ മാത്രമാണ് ബി.എസ്.പിക്ക് ലഭിച്ചത്. 403 അംഗ സഭയില്‍ 2012ല്‍ 80 സീറ്റുകള്‍ നേടിയ ബി.എസ്.പിയാണ് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 19 അംഗങ്ങളിലേക്ക് ചുരുങ്ങിയത്. 1991ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ബി.എസ്.പിക്ക് നേരിടേണ്ടി വന്നത്. 1991ല്‍ 12 സീറ്റുകള്‍ മാത്രമായിരുന്നു ബി.എസ്.പിക്കുണ്ടായിരുന്നത്.രാഷ്ട്രീയത്തില്‍ സ്ഥായിയാ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് കഴിഞ്ഞ ദിവസം മായാവതി പ്രഖ്യാപിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."