ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്, കര്‍ഷക മാര്‍ച്ച് സമാപിച്ചു
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ഷകരും ആദിവാസികളും നടത്തിയ മാര്‍ച്ച് മുംബൈ ആസാദ് മൈതാനിയില്‍ സമാപിച്ചു.
തുടര്‍ന്നു നേതാക്കള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനെ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പോലും ബാധിച്ചേക്കുന്ന തരത്തില്‍ കര്‍ഷക പ്രക്ഷോഭം മാറുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ എല്ലാ പ്രശ്‌നങ്ങളും ഈ വര്‍ഷം ഡിസംബറോടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
കാര്‍ഷിക വായ്പ എഴുതിത്തള്ളുക, ആദിവാസികള്‍ക്കു വനാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് 20,000ത്തോളം വരുന്ന കര്‍ഷകര്‍ കഴിഞ്ഞ ദിവസം താനെയില്‍നിന്നു മുംബൈയിലേക്കു മാര്‍ച്ച് നടത്തിയത്.
ആദിവാസികള്‍ വനമേഖലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തനസ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ അനുകൂല തീരുമാനങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടാകില്ലെന്നും ആദിവാസി-പിന്നോക്കക്ഷേമ മന്ത്രി വിഷ്ണു സാവ്‌റ അറിയിച്ചു. ദക്ഷിണ മുംബൈയിലെ വിധാന്‍ സൗധയില്‍വച്ചാണ് മുഖ്യമന്ത്രിയുമായി നേതാക്കള്‍ ചര്‍ച്ച നടത്തിയത്. ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ പിരിഞ്ഞുപോകില്ലെന്ന് ലോക് സംഘര്‍ഷ് മോര്‍ച്ച ജനറല്‍ സെക്രട്ടറി പ്രതിഭാ ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പലതവണ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉന്നയിച്ചിട്ടും ആവശ്യമായ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാര്‍ച്ച് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ഭൂമിയിലും വെള്ളത്തിലും കര്‍ഷകര്‍ക്കു പൂര്‍ണമായ അധികാരം നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
എട്ടു മാസം മുന്‍പും ഇതേ രീതിയില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ലോങ് മാര്‍ച്ച് എന്നു പേരിട്ട മാര്‍ച്ച് സംസ്ഥാന സര്‍ക്കാരിനെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് നാസിക്കില്‍നിന്ന് 180 കിലോമീറ്റര്‍ താണ്ടി കര്‍ഷകര്‍ മുംബൈയിലെത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."