ഇന്ത്യയുടെ സൂപ്പര്‍ 'ശ്രീ'
സിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിലേക്ക് സമാനതകളില്ലാത്ത കുതിപ്പ് നടത്തി കിഡംബി ശ്രീകാന്ത് വീണ്ടും രാജ്യത്തിന് അഭിമാനമായി. ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് കിരീടത്തിന് പിന്നാലെ ആസ്‌ത്രേലിയ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടത്തിലും ശ്രീകാന്തിന്റെ മുത്തം. അപരാജിത മുന്നേറ്റത്തോടെ ഒളിംപിക്ക് ചാംപ്യന്‍ ചൈനയുടെ ചെന്‍ ലോങിനെ അട്ടിമറിച്ചാണ് ശ്രീകാന്തിന്റെ നേട്ടം. ഫൈനലില്‍ നേരിട്ടുള്ള പോരില്‍ 22-20, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. അഞ്ച് സൂപ്പര്‍ സീരീസ് ഫൈനലുകള്‍ കളിക്കുന്ന ലോകത്തിലെ അഞ്ചാം താരമായി മാറിയ ശ്രീകാന്ത് തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനലുകള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായും മാറി. ആസ്‌ത്രേലിയ ഓപണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരവും ശ്രീകാന്ത് തന്നെ. കഴിഞ്ഞ തവണ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ ഇവിടെ വനിതാ കിരീടം നേടിയിരുന്നു.
ലോക 11ാം റാങ്ക് താരമായ ശ്രീകാന്ത് കരിയറില്‍ ആറാം തവണയാണ് ചെന്‍ ലോങുമായി നേര്‍ക്കുനേര്‍ പോരിനിറങ്ങിയത്. കഴിഞ്ഞ അഞ്ച് തവണയും ചെനിന് മുന്നില്‍ അടിയറവ് പറഞ്ഞ ശ്രീകാന്ത് ആറാം തവണ പലിശ സഹിതം കണക്ക് തീര്‍ക്കുകയായിരുന്നു. കരിയറിലെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണ് ശ്രീകാന്ത് ആസ്‌ത്രേലിയയില്‍ സ്വന്തമാക്കിയത്. നേരത്തെ 2014ല്‍ ലിന്‍ ഡാനെ അട്ടിമറിച്ച് ചൈന ഓപണ്‍, വിക്ടര്‍ അക്‌സെല്‍സനെ പരാജയപ്പെടുത്തി 2015ല്‍ ഇന്ത്യ ഓപണ്‍, ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം കസുമ സകയിയെ വീഴ്ത്തി ഇന്തോനേഷ്യ ഓപണ്‍ കിരീടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ശ്രീകാന്തിന്റെ കരിയറിലെ ഏഴാം അന്താരാഷ്ട്ര കിരീടം കൂടിയാണിത്. നാല് സൂപ്പര്‍ സീരീസ് കിരീടങ്ങളും മൂന്ന് ഗ്രാന്‍ പ്രീ കിരീടങ്ങളുമാണ് ഇന്ത്യന്‍ താരത്തിന്റെ പേരിലുള്ളത്.
ഒളിംപിക്ക് ചാംപ്യന്റെ പെരുമയെ ഭയപ്പെടാതെ തന്റെ സ്വാഭാവിക കളി പുറത്തെടുത്ത ശ്രീകാന്ത് സ്ഥിരതയുടെ ആള്‍രൂപമായി തന്നെ ഫൈനലില്‍ നിറഞ്ഞു. ആദ്യ സെറ്റ് ഇഞ്ചോടിഞ്ചായിരുന്നു. ലീഡ് നില മാറിമറിഞ്ഞു. മികച്ച ആക്രമണവുമായി ഇരു താരങ്ങളും കളം കൈയടക്കി. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോള്‍ ശ്രീകാന്ത് 11-9 എന്ന നിലയില്‍ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ തുടച്ചയായി മൂന്ന് പോയിന്റുകള്‍ നേടി ചെന്‍ കരുത്ത് കാട്ടി. കരുത്തുറ്റ സ്മാഷുകളുമായി മുന്നേറിയ ശ്രീകാന്ത് ഒടുവില്‍ 23 മിനുട്ട് നീണ്ട ഒന്നാം സെറ്റില്‍ 22-20 എന്ന സ്‌കോറിന് വിജയം പിടിച്ചു. ആദ്യ സെറ്റില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസം രണ്ടാം സെറ്റില്‍ ഇന്ത്യന്‍ താരത്തിന് കൂടുതല്‍ അനുഗ്രഹമായി. വേഗതയാര്‍ന്ന ഒരു റാലിയിലൂടെ ആദ്യ പോയിന്റ് നേടി മുന്നേറ്റം തുടങ്ങിയ ശ്രീകാന്ത് 6-2 എന്ന ലീഡില്‍ മുന്നേറി. എന്നാല്‍ ചെന്‍ തിരിച്ചടിച്ചു. ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോള്‍ 11-9 എന്ന നേരിയ ലീഡായിരുന്നു ഇന്ത്യന്‍ താരത്തിന്റെ സമ്പാദ്യം. ആദ്യ സെറ്റിന്റെ ഇടവേള കഴിഞ്ഞ് ശക്തമായി തിരിച്ചെത്തിയ ചെനിന് രണ്ടാം സെറ്റില്‍ അത്തരമൊരു തിരിച്ചുവരവിനുള്ള സാധ്യത നല്‍കാതെ ശ്രീകാന്ത് ലീഡ് കാത്തു. 19-15 എന്ന സ്‌കോറില്‍ ലീഡുമായി കുതിച്ച് ഒടുവില്‍ ഒരു പോയിന്റ് മാത്രം എതിരാളിക്ക് നല്‍കി ശ്രീകാന്ത് 21-16 എന്ന സ്‌കോറില്‍ സെറ്റും വിജയവും ഉറപ്പാക്കുകയായിരുന്നു.
ചരിത്ര വിജയം സ്വന്തമാക്കിയ ശ്രീകാന്തിന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വക അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് ഹിമാന്ത ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. കിരീട വിജയം നേടിയ ശ്രീകാന്തിനെ പ്രധാനമന്ത്ര നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് ശ്രീകാന്തെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."