ശുചിത്വം: മാറേണ്ടത് മലയാളിയുടെ ശീലങ്ങള്‍
കാലാവസ്ഥ മാറുന്നോടെ അനിവാര്യമായി കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് എല്ലാവരും മറക്കുന്നു എന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. പരിസരം ശുചിയായി സൂക്ഷിക്കാന്‍ പൊതുജങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ സംവിധാനം ഒരുക്കണം എന്നത് നേര്. എന്നാല്‍, ഭൂരിഭാഗം വസ്തുവകകളും പൊതുജനത്തിന്റെ അധീനതയിലാണ്. ചെറിയ ശ്രമം നടത്തിയാല്‍ പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്കു കഴിയും. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ സ്വന്തമാക്കിയ കുടുംബശ്രീ പോലുള്ള സൊസൈറ്റികള്‍ക്കു മാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കാം. നിരവധി ചെറു യൂണിറ്റുകള്‍ വഴിയുള്ള മാലിന്യസംസ്‌കരണമായിരിക്കും ഏറ്റവും ശുചിത്വപൂര്‍ണം.
ഒട്ടേറെ ആളുകള്‍ മാലിന്യങ്ങള്‍ ഫ്‌ളാറ്റുകള്‍ക്കോ വീടുകള്‍ക്കോ പുറത്ത് ഇരുട്ടിന്റെ മറവില്‍ വലിച്ചെറിയുകയോ റോഡ് വക്കില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവരാണ്. ഇതു തെരുവുനായ്ക്കള്‍ ആഘോഷമാക്കുന്നു. ഇങ്ങനെ തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതു സമൂഹത്തിനു മറ്റൊരു വെല്ലുവിളിയാണ്. എല്ലാ ഹോട്ടലുകളിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശൗചാലയങ്ങളും ഒപ്പം മാലിന്യനിക്ഷേപത്തിനുള്ള സംവിധാനങ്ങളും ഒരുക്കണം. ഇവ നിര്‍മിച്ചിട്ടുണ്ട് എന്നുറപ്പാക്കിയശേഷം മാത്രമേ സര്‍ക്കാരോ തദ്ദേശ സ്വയംഭരണസംവിധാനങ്ങളോ അനുമതിപത്രം നല്‍കാവൂ. ഹോട്ടലുകളുടെ വൃത്തി ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുകയും ഇതില്‍ വീഴ്ചവരുത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും വേണം. പണവും അധികാരവും അഴിമതിയും നാടുനീങ്ങാത്തിടത്തോളം ഇതൊന്നും നടക്കില്ലെന്നറിയാം, എന്നാലും ഒരു മോഹം പറഞ്ഞതാണ്.
നാടിന്റെ ശുചിത്വവും മെച്ചപ്പെട്ട അന്തരീക്ഷവും എല്ലാവരുടെയും ഉത്തരവാദിത്വമാണ്. എല്ലാവരും അതിനു സംഭാവന ചെയ്യേണ്ടതുണ്ട്. ഒരു സംശുദ്ധ അന്തരീക്ഷത്തിനായി എല്ലാവരും ഒന്നിച്ചുനീങ്ങിയാല്‍ കൊലയാളി രോഗാണുക്കളുടെ വാര്‍ഷിക സന്ദര്‍ശനത്തെ നമുക്ക് തടഞ്ഞുനിര്‍ത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."