ശബരിമലയിലെ കൊടിമരം പൂര്‍വസ്ഥിതിയിലാക്കി
പത്തനംതിട്ട: ശബരിമലയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ കൊടിമരം കേടുപാടുകള്‍ തീര്‍ത്ത് പൂര്‍വസ്ഥിതിയിലാക്കി. ശില്‍പ്പി അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് കേടുപാടുകള്‍ തീര്‍ത്തത്. ഫോറന്‍സിക് വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് കേടുപറ്റിയ ഭാഗത്ത് അറ്റകുറ്റപ്പണി ആരംഭിച്ചത്.
അതേ സമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ട ആന്ധ്ര സ്വദേശികള്‍ തങ്ങള്‍ നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. ആചാരപരമായി മാത്രമാണ് തങ്ങള്‍ ദ്രാവകം കൊടിമരത്തില്‍ ഒഴിച്ചതെന്നാണ് ഇവരുടെ മൊഴി.
പമ്പ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് ദ്രാവകം അടങ്ങിയ കുപ്പി പൊലിസ് കണ്ടെടുത്തിരുന്നു. പൂജാസാധനങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന ദ്രാവകമാണ് ഒഴിച്ചത്. വിശ്വാസത്തിന്റെ ഭാഗമായാണ് ഇതുചെയ്തതെന്നും ഇവര്‍ പൊലിസിനോട് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെന്നു സംശയിക്കുന്നവരെപ്പറ്റി സൂചന ലഭിച്ചത്.
ഉച്ചപൂജയ്ക്ക് ശേഷം പഞ്ചവര്‍ഗത്തറയിലെ നിറം മാറിയിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണണ് രാസപദാര്‍ഥം ഒഴിച്ചതായി മനസിലായത്.
ഇന്നലെ ഉച്ചക്ക് 11.50നും 1.40നും മധ്യേയാണ് സ്വര്‍ണ കൊടിമര പ്രതിഷ്ഠ നടന്നത്. ഉച്ചപൂജക്ക് ശേഷം ഭക്തര്‍ മലയിറങ്ങിയ ശേഷമാണ് കൊടിമരം കേടുവരുത്തിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദേവസ്വം അധികൃതര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടനെ ദേവസ്വം ബോര്‍ഡ് പൊലിസ് മേധാവി ടി.പി സെന്‍കുമാറിനു പരാതി നല്‍കി. പത്തനംതിട്ട എസ്.പി പി. സതീഷ് ബിനോയുടെ നേതൃത്വത്തിലാണ് അന്വേഷണം.
3.20 കോടി രൂപ മുടക്കിയാണ് പുതിയ കൊടിമരം സന്നിധാനത്ത് പ്രതിഷ്ഠിച്ചത്. 9.161 കിലോ ഗ്രാം സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. 1957 58 കാലഘട്ടത്തില്‍ നിര്‍മിച്ച കൊടിമരത്തിന് ദേവപ്രശ്‌നത്തില്‍ കേടുപാടുകളുണ്ടെന്നു കണ്ടതിനെത്തുടര്‍ന്നാണ് തടിയില്‍ കൊടിമരം നിര്‍മിച്ചു സ്വര്‍ണം പൊതിയാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."