വില പേശലിലെ വിവേചനം
ഉപഭോക്താവ് ദരിദ്രനോ സുഹൃത്തോ ആണെന്നറിഞ്ഞാല്‍ ചരക്കില്‍നിന്ന് ലാഭം എടുക്കാത്ത ഒരു കച്ചവടക്കാരനുണ്ടായിരുന്നു. ആ ലാഭം അദ്ദേഹം അവര്‍ക്ക് വിട്ടുകൊടുക്കലായിരുന്നു പതിവ്. ഒരിക്കല്‍ ഒരു സ്ത്രീ വന്നു പറഞ്ഞു: ''ഞാന്‍ ദരിദ്രയാണ്. ആ വസ്ത്രം എനിക്ക് വില്‍ക്കൂ.''
അപ്പോള്‍ അദ്ദേഹം പറഞ്ഞു:
''നാലു ദിര്‍ഹമിന് ഇത് സ്വീകരിച്ചോളൂ...''
ഇത് കേട്ടപ്പോള്‍ അദ്ദേഹം തന്നെ പരിഹസിക്കുകയാണെണു കരുതി ആ സ്ത്രീ പറഞ്ഞു:
''ഈ കിളവിയെ എന്തിനു പരിഹസിക്കുന്നു?''
''പരിഹസിക്കുകയോ.. ഞാന്‍ രണ്ടു വസ്ത്രം വാങ്ങി. അതിലൊന്ന് വിറ്റു. ഇനി നാലു ദിര്‍ഹം കൂടിയായാല്‍ എന്റെ മൂലധനമായി. ഇനി ഈ വസ്ത്രം നാലു ദിര്‍ഹമിലേറെ വിലക്കു വിറ്റാല്‍ അതെനിക്കു ലാഭമാണ്. പക്ഷേ, എനിക്കാ ലാഭം വേണ്ട. മൂലധനം ലഭിച്ചാല്‍ മതി.''
ഈ മനുഷ്യന്റെ തന്നെ വേറൊരു സംഭവം കൂടി പറയാം:
ഒരിക്കല്‍ വില്‍പനക്ക് പട്ടുവസ്ത്രവുമായി ഒരു സ്ത്രീ അദ്ദേഹത്തിന്റെ കടയിലേക്കു വന്നു. അദ്ദേഹം ചോദിച്ചു:
''ഇതിനെത്ര വില വരും?''
സ്ത്രീ പറഞ്ഞു: ''നൂറ്''
ഇതിനു നൂറിലേറെ വില വരുമല്ലോ എന്നായി അദ്ദേഹം. അവസാനം കൂട്ടിക്കൂട്ടി നാനൂറിലെത്തി. നാനൂറിലേറെയും വില വരുമെന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ ചോദിച്ചു:
''നിങ്ങളെന്നെ പരിഹസിക്കുകയാണോ?''
അദ്ദേഹം പറഞ്ഞു: ''ഇതിന്റെ യഥാര്‍ഥ വില പറയുന്ന ഒരാളെ കൂട്ടി വരിക...''
ആ സ്ത്രീ മറ്റൊരാളെ കൂട്ടി വന്നു. അഞ്ഞൂറിനായിരുന്നു അദ്ദേഹം അത് വാങ്ങിയത്.
ഈ സംഭവത്തിലെ കഥാപാത്രം ആരെന്നറിയുമോ...? ലോകത്ത് ഏറ്റവും കൂടുതല്‍ അനുയായികളുള്ള മദ്ഹബിന്റെ ഇമാം; ഇമാം അബൂഹനീഫ.
കച്ചവടരംഗത്ത് ഓരോരുത്തര്‍ക്കും അവനവന്റെ താല്‍പര്യമാണു പ്രധാനം. കച്ചവടക്കാരന്‍ തന്റെ ലാഭം മാത്രം നോക്കും. ഉപഭോക്താവും തന്റെ ലാഭം മാത്രം നോക്കും. അതിനു പകരം ഓരോരുത്തരും അപരന്റെ താല്‍പര്യം പരിഗണിച്ചു ഇടപാടു നടത്തിനോക്കൂ; നിങ്ങള്‍ വ്യത്യസ്തരാകും. കച്ചവടക്കാരന്റെ ലാഭം നോക്കി സാധനം വാങ്ങുന്ന ഉപഭോക്താവും ഉപഭോക്താവിന്റെ ലാഭം നോക്കി ഇടപാടു നടത്തുന്ന കച്ചവടക്കാരനും വിശുദ്ധരാണ്.
ഒരു കഥയോര്‍ക്കുന്നു:
പത്തുവയസുകാരനായ തന്റെ കുട്ടിയുടെ കൈയ്യും പിടിച്ച് മാര്‍ക്കറ്റിലൂടെ നടന്നു നീങ്ങുന്ന ഒരു പിതാവ്. ഇടത്തും വലത്തുമായി വഴിയോരക്കച്ചവടങ്ങള്‍ പൊടിപൊടിക്കുന്നുണ്ട്. സാധനങ്ങള്‍ക്കെല്ലാം വന്‍ വിലക്കുറവ്. പക്ഷെ, അദ്ദേഹം ഒന്നും വാങ്ങിയില്ല. പകരം, അകലെയായി തുണിവിരിച്ച് പച്ചക്കറികള്‍ വില്‍ക്കുന്ന കിളവിയുടെ അടുക്കലേക്കു നീങ്ങി. കണ്ടാല്‍ തന്നെ സഹതാപം തോന്നുന്ന കോലം. അവരുടെ അടുക്കല്‍ സാധനങ്ങള്‍ക്ക് വില കൂടുതലാണ്. എന്നാലും അവിടന്നേ അദ്ദേഹം പച്ചക്കറികള്‍ വാങ്ങാറുള്ളൂ. ഇരുപതു രൂപ വിലയുള്ള തക്കാളിക്ക് അവരുടെ അടുക്കല്‍ മുപ്പതു രൂപ കൊടുക്കണം. മുപ്പതു രൂപ കൊടുത്ത് തക്കാളി വാങ്ങുന്നതു കണ്ടപ്പോള്‍ മകന്‍ അദ്ദേഹത്തോട് ചോദിച്ചു: ''തക്കാളിക്ക് ഇത്ര വിലയില്ലല്ലോ...''
അദ്ദേഹം മകന്റെ ചെവിയില്‍ പറഞ്ഞു:
''യഥാര്‍ഥ വില എനിക്കറിയാം. പക്ഷെ, ഞാനിവിടെനിന്ന് വാങ്ങുന്നത് ഈ പാവം ഉമ്മൂമയ്ക്ക് ഒരു കച്ചവടം നടന്നോട്ടെ എന്നു കരുതിയാണ്..''
വഴിയോരക്കച്ചവടം നടത്തുന്നവരില്‍ മിക്കവാറുമാളുകള്‍ വലിയ സാമ്പത്തിക പശ്ചാത്തലമുള്ളവരായിരിക്കില്ല. എന്നാല്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വില പേശാറുള്ളത് അവരോടാണ്. അതും ചില്ലറ പൈസയ്ക്കുവേണ്ടി. ദരിദ്രന്മാരോട് വില പേശുന്ന ഈ വിഭാഗം വലിയ ഏതെങ്കിലും മാളില്‍ കയറിയാല്‍ വില പേശുമോ..? ദരിദ്രരോട് വില പേശുമ്പോള്‍ നഷ്ടപ്പെടാത്ത എന്ത് അഭിമാനമാണ് ധനികരായ വ്യാപാരികളോട് വില പേശുമ്പോള്‍ നഷ്ടപ്പെടുന്നത്..?
ഏതു കടയില്‍ ചെന്ന് സാധനം വാങ്ങുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടെങ്കില്‍ ദരിദ്രന്റെ കടയ്ക്ക് മുന്‍ഗണന നല്‍കുക. നിങ്ങള്‍ അവിടെ ചെന്ന് സാധനം വാങ്ങുമ്പോള്‍ അദ്ദേഹത്തിനു കിട്ടുന്ന സന്തോഷമുണ്ടല്ലോ. അതുതന്നെയാണ് നിങ്ങള്‍ക്ക് അവിടെനിന്നു കിട്ടുന്ന ഏറ്റവും വലിയ ലാഭം. അതു വില പേശിയിട്ടു കിട്ടുന്ന ലാഭത്തെയും മറികടക്കും. ധനികന്റെ കടയില്‍നിന്ന് ലഭിക്കുന്ന വിലക്കിഴിവിനെയും മറികടക്കുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."