പോരാട്ടം സി.എച്ചിന്റെ കേസിലെ സുപ്രിംകോടതി വിധി ആയുധമാക്കി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുവിജയം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് കെ.എം ഷാജി ഉദ്ധരിച്ചത് 1978ല്‍ മുതിര്‍ന്ന ലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയക്ക് അനുകൂലമായി സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ നിരീക്ഷണം. സി.എച്ച് പത്രാധിപരായിരുന്ന ചന്ദ്രിക ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വിജയം ഹൈക്കോടതി അസാധുവാക്കിയത്. ആര്‍.എസ്.എസും ജനസംഘവും മാര്‍ക്‌സിസ്റ്റുകളും മുസ്‌ലിംകള്‍ക്കെതിരാണെന്ന ചന്ദ്രികയിലെ പരാമര്‍ശം മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഇതിനെതിരേ അന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയില്‍ ഹരജി നല്‍കുകയായിരുന്നു.
1977 ഡിസംബര്‍ 19നാണു വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ചിന്റെ തെരഞ്ഞെടുപ്പുവിജയം ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ അദ്ദേഹത്തിനു മന്ത്രിസ്ഥാനവും നഷ്ടമായി. 1978 ജനുവരി 11ന് ലീഗിന്റെ ഹരജി പരിഗണിച്ച സുപ്രിംകോടതി സി.എച്ചും ടി.കെ.എസ്.എം.എ മുത്തുകോയയും തമ്മിലുള്ള കേസില്‍ ഹൈക്കോടതിവിധി റദ്ദാക്കി. വൈകാതെ വിദ്യാഭ്യാസ മന്ത്രിയായി സി.എച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. സ്ഥാനാര്‍ഥിയുടെ പൂര്‍ണ അനുമതിയോടെ ഇറക്കിയ ലഘുലേഖയിലെ ഉള്ളടക്കം മാത്രമേ ഇക്കാര്യങ്ങളില്‍ പരിഗണിക്കൂവെന്നായിരുന്നു കേസ് പരിഗണിച്ച സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കിയത്. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥിയുടെ ഏജന്റിന്റെയോ ബോധപൂര്‍വമായ സമ്മതം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ഈ പരാമര്‍ശമാണ് നാലുപതിറ്റാണ്ടിനുശേഷം സമാനകേസില്‍ കെ.എം ഷാജിക്കുവേണ്ടി സമര്‍പ്പിച്ച ഹരജിയിലും ലീഗ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അഡ്വ. ഹാരിസ് ബീരാനാണ് ഷാജിക്കു വേണ്ടി സുപ്രിംകോടതിയില്‍ ഹാജരാകുന്നത്. ഷാജിയുടെയോ ഏജന്റിന്റെയോ അനുമതിയോടെയല്ല വിവാദലഘുലേഖ തയാറാക്കിയതെന്നാണു ഹരജിയിലെ പ്രധാനവാദം. ഷാജിയുടെ വിജയസാധ്യത തടയാനായി നിര്‍ത്തിയ വിമതസ്ഥാനാര്‍ഥിയുടെ പക്കല്‍നിന്നാണു ലഘുലേഖ കണ്ടെത്തിയതെന്ന വസ്തുത ഹൈക്കോടതി കണ്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."