കമ്മല്‍
'എടീ റോസ്യേ, നീ എന്റെ പുതിയ കമ്മല്‍ കണ്ടോ?'
പുതിയ കമ്മല്‍ കൂട്ടുകാരിയെ കാണിക്കാനുള്ള വേവില്‍ പൊലിസ് സ്‌റ്റേഷനാണെന്ന കാര്യം തെല്ലിട ദാക്ഷ്യായണി എന്ന ആ വനിതാ പൊലിസ് മറന്നു. അറിയാതെ പൊങ്ങിപ്പോയ ശബ്ദത്തെ വായുവില്‍ നിന്നും ചുഴറ്റിപ്പിടിച്ച് വായിലേക്കു തന്നെയിട്ടിട്ടും അവരുടെ ജാള്യത മാറിയില്ല.
സ്‌റ്റേഷനിലെ നരച്ച വെളിച്ചത്തില്‍ വനിതാ പൊലിസിന്റെ കാതിലെ ആ കമ്മല്‍ തന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി ലോക്കപ്പ് മയക്കത്തില്‍നിന്നും ഞെട്ടിയുണര്‍ന്ന, റാവുത്തറിന് അപ്പോള്‍. ഒരാഴ്ചയായുള്ള ലോക്കപ്പ് ചോദ്യങ്ങളുടെ ക്രൂരത അയാളെ നീരുവറ്റിയ വാഴത്തടപോലെ മടക്കിയൊടിച്ചിരുന്നു.
ചിതറിക്കിടന്നിരുന്ന കൈകാലുകള്‍ എവിടെ നിന്നൊക്കെയോ വലിച്ചെടുത്ത് ചുവരില്‍ ചാരിയിരുന്ന്, റാവുത്തര്‍ ആ കമ്മലിലേക്കു തന്നെ നോക്കിയിരുന്നു. ലോക്കപ്പിന്റെ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്നാണ് പൊലിസുകാരികളുടെ ലാത്തിയടി. അപ്പോഴേക്കും പൊലിസുകാരികള്‍ കമ്മലിന്റെ അളവുതൂക്കവിലയും ജ്വല്ലറിയുടെ മേല്‍വിലാസവും തുടങ്ങി, ഇപ്പോഴത്തെ സ്വര്‍ണത്തിന്റെ റോക്കറ്റ് വിലയേക്കുറിച്ചുവരെ കാടുകയറി വെടിവയ്ക്കാന്‍ തുടങ്ങി.
റാവുത്തറിന്റെ നോട്ടം അപ്പോഴും അവളുടെ കമ്മലിലേക്കു തന്നെയായിരുന്നു.
'എന്താടാ, ഇനി നിനക്ക് എന്റെ കമ്മലും അടിച്ചുമാറ്റണംന്ന് ണ്ടോ?' ദാക്ഷ്യായണിയുടെ പൊലിസുവായ തുറന്നപ്പോഴാണ് റാവുത്തര്‍ കമ്മല്‍നോട്ടം പിന്‍വലിച്ചത്.
'വെള്ളമടിക്കാന്‍ കാശില്ലാഞ്ഞിട്ട് സ്വന്തം മകളുടെ കമ്മലിനായി കാതുപറിച്ച ......മോനാണിവന്‍' ദാക്ഷ്യായണി, ധരിച്ച കുപ്പായത്തിന്റെ ശൗര്യം കാട്ടി.
മൃതപ്രായമായതിനാല്‍ ഓര്‍മകളുടെ ഇരുളിലേക്ക് പതുക്കെ റാവുത്തര്‍ ആണ്ടിറങ്ങുകയായിരുന്നു.
'അടിച്ചുകൊല്ലെടാ ആ പട്ടിയെ... കുട്ടിയെ തട്ടിക്കൊണ്ടു വന്നതാകാം. സ്വര്‍ണത്തിനായി കുട്ടിയുടെ കാത് പറിക്കുന്ന ഇവന്‍ അതിനെ കൊല്ലാനും മടിക്കില്ലല്ലൊ!' ബസ്റ്റാന്റ് മുഴുവനായും ഭീമാകാരമായ ഒരു വാഹനത്തെപ്പോലെ തന്റെ മീതെ ഇരമ്പിയാര്‍ക്കുകയാണിപ്പോള്‍. ജനക്കൂട്ടത്തിന്റെ കൈകാലുകള്‍ പലവുരു ഉയര്‍ന്നുതാഴ്ന്നപ്പോഴേക്കും ഒരു തകരപ്പാട്ട പോലെ റാവുത്തര്‍ സ്റ്റാന്റിന്റെ മൂലയിലേക്ക് ചുളുങ്ങിക്കൂടി.
ഓര്‍മകളുടെ പടവുകളില്‍ക്കൂടി വീണ്ടും താഴേക്കിറങ്ങുന്നു റാവുത്തര്‍.
കഴിഞ്ഞാഴ്ച രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ വലിയൊരു പാറക്കല്ല് കയറ്റിവച്ചപോലെ, തലയ്ക്ക് വല്ലാത്ത കനം. തല വെട്ടിപ്പൊളിക്കുന്ന വേദനയും. കൂടിപ്പോയ തലേന്നത്തെ കള്ള് തലച്ചോറിലാകെ വേലിയേറ്റം നടത്തിയതാണ്. ആദ്യകവിള്‍ മദ്യത്തിനായി ആത്മാവ് ദാഹിക്കുന്നു. ഒന്നങ്ങോട്ട് കൊടുത്താല്‍ മതി. തലവേദന പമ്പകടക്കും. പക്ഷേ എന്തുചെയ്യാം. ചില്ലിക്കാശില്ല. രണ്ടുസെന്റ് കൂരയ്ക്കുള്ളിലെ മുക്കുംമൂലയും എന്തിന്, അന്യവീട്ടിലെ എച്ചിലൊഴുക്കി ഭാര്യ കാക്കുന്ന സ്വകാര്യനിക്ഷേപത്തിനായി അരിപ്പാത്രത്തില്‍ വരെ കൈയിട്ടുനോക്കി. ഒരു രക്ഷയുമില്ല!
ഇനിയെന്ത്? പൊടുന്നനെ തലച്ചോറില്‍ കുരുട്ടുബുദ്ധിയുടെ ഒരു മിന്നല്‍! സ്‌കൂളില്‍ പോയ മകളുടെ കാതിലെ കമ്മല്‍! അവസാനത്തെ അത്താണി. ഉമ്മ ആശുപത്രിയിലാണെന്ന് പറഞ്ഞാല്‍ മതി. കാല്‍പ്പവന്‍ തന്നെ വരുമോ അത്? ഒരു പിതാവ് എന്ന നിലക്കുള്ള തന്റെ നിലവാരം കണ്ട് അമ്മായിയമ്മ വാങ്ങിക്കൊടുത്തതാണത്. അത് വേണോ? ഏഴുവയസുകാരിയായ തന്റെ കുഞ്ഞാമിനയുടെ ജീവനല്ലേ അത്? റാവുത്തറുടെ ഉള്ളിലെ, അവശേഷിക്കുന്ന മനുഷ്യന്‍ പലതവണ വിലക്കിയെങ്കിലും ശരീരത്തില്‍ എവിടെയോ നീണ്ട മുപ്പതുവര്‍ഷമായി കുടിപ്പാര്‍ക്കുന്ന, മദ്യാസക്തി എന്ന ചെകുത്താന്‍ തന്നെ ഒടുവില്‍ ജയിച്ചു.
റാവുത്തര്‍ ഇപ്പോള്‍ സ്‌കൂളില്‍ കുഞ്ഞാമിനയുടെ ക്ലാസ് ടീച്ചറോട് മന്ത്രിക്കുന്നു.
''ഉമ്മ അത്യാസന്നനിലയില്‍ ആശുപത്രിലാണ്. കുട്ടിയെ വേഗം കൂട്ടിക്കൊണ്ടുപോണം.'' ഒരു തുള്ളി മദ്യത്തിനായി ശരീരം വിറകൊള്ളുകയാണ്. ഞരമ്പുകളും സന്ധിബന്ധങ്ങളുമെല്ലാം വലിഞ്ഞുമുറുകുന്നു. വയ്യാ... ഇനിവയ്യാ... ഒരുനിമിഷംപോലും! കുഞ്ഞാമിനയെയും കൂട്ടി നഗരത്തിലെ ജ്വല്ലറിയിലെത്തി കമ്മല്‍ ഊരാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ വാവിട്ടു കരഞ്ഞു. ഈ കമ്മല് ഉപ്പായ്ക്ക് കൊടുക്കരുതെന്ന് ഉമ്മ പറഞ്ഞീണ്ട്.' തേങ്ങലിനിടയില്‍ വിക്കിവിക്കി കുഞ്ഞാമിന അത് പറഞ്ഞൊപ്പിച്ചപ്പോള്‍, ഭാര്യയുടെ അത്യാസന്നനിലയും തന്റെ ഇല്ലായ്മകളുമടങ്ങുന്ന റാവുത്തരുടെ വിലാപങ്ങള്‍ ജ്വല്ലറിക്കാരന്റെ മുട്ടംതെറിയില്‍ മുങ്ങിപ്പോയി. തുടര്‍ന്ന് മറ്റിടങ്ങളിലും തിരിച്ചടിയായപ്പോള്‍ റാവുത്തര്‍ പിന്നെ മറ്റൊന്നും ആലോചിചില്ല. കമ്മലിനായി കുഞ്ഞാമിനയെ സ്റ്റാന്റിന്റെ ഇരുളിലേക്ക് വലിച്ചു.
കമ്മല്‍ എടുക്കാനുള്ള ശ്രമത്തെ ചെറുത്ത് വലിയ വായില്‍ കുഞ്ഞാമിനയുടെ കരച്ചിലും. എന്നാല്‍ അപ്പോഴും റാവുത്തറുടെ ഉള്ളം പിടക്കുകയായിരുന്നു. 'പടച്ചോനെ, നീ എന്നോടു പൊറുക്കേണമേ... ഒരുതുള്ളി ചെല്ലാതെ എന്നെക്കൊണ്ടിനി വയ്യ. ഞാന്‍ എന്തെങ്കിലും ചെയ്ത് വേറെ വാങ്ങിക്കൊടുത്തോളാം.' പിടിവലിയില്‍ കാതുമുറിഞ്ഞ ചോര കണ്ട കുഞ്ഞാമിന കുതറിയോടുന്നത് കണ്ടെത്തിയ ആളുകളും പൊലിസും റാവുത്തറെ ലോക്കപ്പിലേക്ക് തൂക്കിയെറിഞ്ഞു.
പെട്ടെന്ന് ഒരു വലിയ നിലവിളിയോടെ റാവുത്തര്‍ ഞെട്ടിയുണര്‍ന്നു. പൊട്ടിത്തകരുന്ന റാവുത്തര്‍ ലോക്കപ്പിന്റെ കമ്പിയഴികളില്‍ തലയിടിച്ച് അലറിക്കരഞ്ഞു. കുറേനേരം ശക്തിയായി ഇടിച്ചതിനാല്‍ തലപൊട്ടി ചോരയൊലിച്ച് അയാള്‍ താഴെ വീണു. ലോക്കപ്പിന്റെ തണുത്ത സിമന്റ് തറയില്‍ ജീവച്ഛവമായിക്കിടക്കുന്ന റാവുത്തറുടെ ശരീരത്തിനു ചുറ്റും ശവമഞ്ചം തീര്‍ത്ത് രക്തമൊഴുകുന്നു. പിന്നീട്, പാപത്തിന്റെ, പശ്ചാതാപത്തിന്റെ, മരണത്തിന്റെ തണുത്ത ഗന്ധമുള്ള രണ്ടുതുള്ളി ചോര റാവുത്തറുടെ കാതുകളില്‍ രണ്ടു കമ്മലുകളായി പരിണമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."