ഒരു ഫയങ്കര ടാലന്‍റുകാരന്‍
ടാലന്റ് ഏതുവരെയാകാം. അതിനറ്റമില്ലെന്നതാണ് സത്യം. എഫ്.ടി ഗയ്‌സ് എന്ന പേരില്‍ ടാലന്റിന്റെ അപാരസാധ്യതകള്‍ തുറന്നിടുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മെല്‍വിന്‍ ജി. ബാബു എന്ന മാവേലിക്കരക്കാരന്‍. എഫ്.ടി ഗയ്‌സ് എന്ന അപരനാമം സ്വീകരിച്ചതില്‍ തുടങ്ങുന്നു മെല്‍വിന്റെ ടാലന്റ് പരീക്ഷണങ്ങള്‍. ഫയങ്കര ടാലന്റഡ് ഗയ്‌സ് എന്നാണ് പേരിന്റെ മുഴുവന്‍ രൂപം.
ഫയങ്കര ടാലന്റഡ്
വ്യത്യസ്തമായ രീതിയില്‍ പല തീമുകളിലായി സെല്‍ഫി വീഡിയോകള്‍ ചെയ്ത് എഡിറ്റ് ചെയ്ത് മനോഹരമാക്കി പോസ്റ്റ് ചെയ്യുന്നതാണ് എഫ്.ടി ഗയ്‌സിന്റെ പ്രത്യേകത. ഓരോ വീഡിയോയും കുടുകുടാ ചിരിപ്പിക്കുന്നതോടൊപ്പം എന്തെങ്കിലുമൊക്കം സന്ദേശവും നല്‍കും. ചെറുതാണെങ്കിലും ഒത്തിരി നേരം കണ്ടുനിന്ന ഫീലിങ്ങായിരിക്കും ഒടുവില്‍.
പേജിന്റെ പിറവി
ഞാന്‍ ചെയ്യുന്ന വീഡിയോയ്ക്ക് സമാനമായ ഒരു പേജ് ഇന്‍സ്റ്റഗ്രാമില്‍ വേണമെന്ന് കുറേ കാലം മുന്‍പേ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായിരുന്നില്ല. പിന്നീടാണ് ചിന്തിച്ചത്, എന്നാല്‍പ്പിന്നെ എനിക്കു തന്നെ ഉണ്ടായിക്കൂടേയെന്ന്. അങ്ങനെയാണ് എഫ്.ടി ഗയ്‌സ് പിറക്കുന്നത്. മനസില്‍ തോന്നുന്ന കുഞ്ഞുകുഞ്ഞ് ആശയങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് എങ്ങനെ അവതരിപ്പിക്കാമെന്നായിരുന്നു എന്റെ ചിന്ത. പലപ്പോഴും പാളിപ്പോയിട്ടുണ്ടെങ്കിലും തുടര്‍ച്ചയായ പരിശ്രമം തുണയായി. ആദ്യമൊക്കെ എന്റെ വീഡിയോകള്‍ കാണാത്തവര്‍ പോലും പിന്നീട് എന്റെ ശൈലിയും വീഡിയോകളും ഇഷ്ടപ്പെടുന്നവരായി.
സ്‌കൂള്‍കാലം മുതലേ ഷോട്ട്ഫിലിമിലൊക്കെ കൈവച്ചിരുന്നുവെങ്കിലും അതൊന്നും ക്ലിക്കായിരുന്നില്ല. പ്രൊമോഷന്‍ വര്‍ക്കൊക്കെ വേണ്ട വിധത്തില്‍ നടക്കാത്തതാണ് കാരണം. പുതിയ ആശയം തോന്നിയപ്പോള്‍ ഇന്‍സ്റ്റഗ്രാം തെരഞ്ഞെടുക്കാനുള്ള കാരണവും അതുതന്നെ. പ്രൊമോഷനൊക്കെ ആളുകള്‍ ചെയ്‌തോളും. നമ്മളവര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ സാധ്യതകള്‍ തുറന്നുകൊടുത്താല്‍ മതി.
മനസിലെ തോന്നലുകളും ജീവിതസാഹചര്യങ്ങളില്‍ കണ്ടുമുട്ടുന്ന യാഥാര്‍ഥ്യങ്ങളും വീഡിയോകള്‍ക്ക് ചേരുവയാകും. ഇടയ്ക്ക് ചാരിറ്റി വീഡിയോയും ചെയ്യാറുണ്ട്.
ക്യാമറയും എഡിറ്റിങും
ഡി.എസ്.എല്‍.ആര്‍ ക്യാമറയില്‍ സ്വയം ഷൂട്ട് ചെയ്യുകയാണ് പതിവ്. ഐഫോണിന്റെ ഗ്രേഡിങ്ങില്‍ മതിയെന്നു തോന്നിയാല്‍ ഐഫോണിലെടുക്കും. എഡിറ്റിങ്ങിനും ഇതുവരെ മറ്റൊരാളെ ആശ്രയിച്ചിട്ടില്ല. സംവിധാനവും എഡിറ്റിങ്ങും ഒരാള്‍ തന്നെ ചെയ്യുന്നതാണ് വൃത്തിയെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടു തന്നെയാണ് നമ്മള്‍ വിചാരിക്കുന്ന അതേ ഗ്രേഡില്‍ വീഡിയോ പുറത്തിറക്കാനാവുന്നതും.
ഏറ്റവും സന്തോഷിക്കുന്ന സമയം എപ്പോഴാണെന്ന ചോദ്യത്തില്‍ നിന്ന് മെല്‍വിന്റെ മനസറിയാം. അമ്മയ്ക്കും അപ്പയ്ക്കും സന്തോഷമുണ്ടാകുന്നത് എപ്പോഴാണോ, അപ്പോഴെല്ലാം എനിക്കും സന്തോഷമുണ്ടാമുണ്ടാവാറുണ്ട്. മെല്‍വിന്റെ വീഡിയോ പരീക്ഷണങ്ങള്‍ക്ക് പൂര്‍ണ പിന്തുണ വീട്ടുകാരില്‍ നിന്ന് ലഭിക്കുന്നുണ്ട്. സമ്പൂര്‍ണ മൃഗസ്‌നേഹി കൂടിയാണ് മെല്‍വിന്‍. മൃഗങ്ങളെ ഉപദ്രവിക്കുന്നത് കണ്ടാല്‍ ചങ്കുപൊട്ടുമെന്ന് പറയുന്ന മെല്‍വിന്‍, തന്റെ പട്ടിക്കുട്ടിയെയും വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്.
ഇന്‍ഫ്‌ളൂവന്‍ഷ്യല്‍ മാര്‍ക്കറ്റിങ് വീഡിയോകളും മെല്‍വിന്‍ ചെയ്യാറുണ്ട്. ഇതിലൂടെ കിട്ടുന്ന ചെറുതല്ലാത്ത സമ്പാദ്യം പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രചോദനമാവും. രണ്ടര ലക്ഷത്തിനടുത്ത് ഫോളോവര്‍മാരാണ് ഇപ്പോള്‍ മെല്‍വിന് ഇന്‍സ്റ്റഗ്രാമിലുള്ളത്. ഓരോ വീഡിയോകളും ലക്ഷങ്ങള്‍ കാണും.
സ്വയം സന്തോഷിക്കുന്നതിനൊപ്പം ആളുകളെയും സന്തോഷിപ്പിക്കണമെന്നതു തന്നെയാണ് എപ്പോഴും ഈ ബി.എ ഇംഗ്ലീഷുകാരന്റെ ആഗ്രഹം. അതിനായി അവന്‍ വ്യത്യസ്തമായൊരു ഇടം കണ്ടെത്തി. ഈ ഇടത്തില്‍ തിളങ്ങി എന്നതാണ് മെല്‍വിന്റെ വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന ലക്ഷങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."