ലൈഫ് മിഷന്‍: മുടങ്ങിക്കിടന്ന 48,197 വീടുകള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: വിവിധ പദ്ധതികളില്‍നിന്ന് വായ്പയെടുത്ത ശേഷം നിര്‍മാണം മുടങ്ങിക്കിടന്ന 48,197 വീടുകള്‍ ലൈഫ് മിഷന്റെ ഭാഗമായി പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍. അപൂര്‍ണ ഭവനങ്ങളായി കണ്ടെത്തിയത് 54,036 വീടുകളാണ്. അതനുസരിച്ച് 89.2 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ള 5,839 വീടുകള്‍ താമസിയാതെ പൂര്‍ത്തിയാക്കും.
ഭൂമിയുള്ള ഭവനരഹിതരില്‍ 1,84,255 പേരാണു ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇവര്‍ക്കു നാലുലക്ഷം രൂപയാണ് അനുവദിക്കുക. ഗുണഭോക്താക്കളില്‍ 78,565 പേര്‍ രേഖകള്‍ സമര്‍പ്പിച്ചു ധനസഹായത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ഇതില്‍ 59,600 വീടുകളുടെ നിര്‍മാണം ആരംഭിച്ചതായും ബാക്കിയുള്ളവര്‍ക്കു രേഖകള്‍ ഹാജരാക്കുന്നതിന് ആവശ്യമായ സഹായം ചെയ്തുകൊടുക്കുമെന്നും ലൈഫ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തതിനുശേഷം മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തീരദേശസംരക്ഷണനിയമം, തണ്ണീര്‍ത്തടനിയമം എന്നിവയനുസരിച്ചു വീടിന് അനുമതി ലഭിക്കാത്തവരുടെ കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്താനും അവലോകന യോഗം തീരുമാനിച്ചു. 2019 മെയ് മാസത്തോടെ ബാക്കിയുള്ള വീടുകളും പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭൂരഹിത ഭവനരഹിതര്‍ക്കുള്ള ഭവനസമുച്ഛയങ്ങള്‍ പണിയുന്നതിന് 580 ഏക്കര്‍ സ്ഥലം വിവിധ ജില്ലകളില്‍ കണ്ടെത്തിയിട്ടുണ്ട്. വാസയോഗ്യമല്ലാത്ത വീടുകളുടെ നവീകരണം അവസാനഘട്ടമായാണ് ഏറ്റെടുക്കുക.
അവലോകന യോഗത്തില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ പുരോഗതി വിശദീകരിച്ചു. മന്ത്രിമാരായ എ.കെ ബാലന്‍, ഡോ. തോമസ് ഐസക്, കെ.കെ ശൈലജ, ജെ. മേഴ്‌സിക്കുട്ടിയമ്മ, എം.എം മണി, ടി.പി രാമകൃഷ്ണന്‍, എ.സി മൊയ്തീന്‍, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസ് ഉള്‍പ്പെടെയുളള പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."