യു.എ.പി.എ കേസ്; സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി പൊലിസ്
തിരുവനന്തപുരം: വാളയാറിനും മാവോയിസ്റ്റ് കൊലയ്ക്കും സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ യു.എ.പി.എയില്‍ സി.പി.എമ്മിനെ കൂടി പ്രതിരോധത്തിലാക്കി പൊലിസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോടുള്ളപ്പോള്‍ തന്നെ രണ്ടു സി.പി.എം പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലായിരിക്കുന്നത്. വാളയാറില്‍ പൊലിസിന്റെ വീഴ്ചയെ തുടര്‍ന്ന് പോക്‌സോ കേസില്‍പ്പെട്ട പ്രതികള്‍ രക്ഷപ്പെട്ടതാണ് സര്‍ക്കാര്‍ ആദ്യം പ്രതിരോധത്തിലായത്. പിന്നീട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ തുടര്‍ന്ന് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലിസ് ഇല്ലാ കഥകള്‍ ഉണ്ടാക്കുന്നുവെന്നും കടുത്ത വിമര്‍ശനവുമായി സി.പി.ഐയും പ്രതിപക്ഷവും രംഗത്തു വന്നതോടെയാണ് രണ്ടാം തവണ സര്‍ക്കാര്‍ പ്രതിരോധത്തിലായത്. എന്നാല്‍ ഇന്നലെ കോഴിക്കോട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചിരുന്നു എന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തി അഴിക്കുള്ളിലാക്കിയതാണ് ഇപ്പോള്‍ സര്‍ക്കാരിനൊപ്പം പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കിയത്.
യു.എ.പി.എ നിയമത്തിനെതിരേ സമര പരമ്പരകള്‍ നടത്തിയ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയും വഹിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനം ഭരിക്കുമ്പോള്‍, രണ്ടു പാര്‍ട്ടി അംഗങ്ങളെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതില്‍ സി.പി.എമ്മിലെ ഒരു വിഭാഗം പരസ്യമായി രംഗത്തു വന്നിട്ടുണ്ട്.
മുഖ്യമന്ത്രിയ്ക്ക് പൊലിസിലുള്ള നിയന്ത്രണം നഷ്‌പ്പെട്ടു എന്നാണ് ഒരു വിഭാഗം സി.പി.എം നേതാക്കളുടെ ആരോപണം. ഇന്നലെ ഡി.ജി.പിയെ നേരിട്ടു വിളിച്ച് പരിശോധിയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അതു ചെവികൊടുക്കാതെ പൊലിസ് നടപടികളുമായി മുന്നോട്ടു പോയത് ഇതിനു തെളിവാണെന്നും സി.പി.എം നേതാക്കള്‍ പറയുന്നു.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സര്‍ക്കാരിനെതിരേ പടവാളെടുക്കുന്ന സി.പി.ഐ ഇന്നലെ യു.എ.പി.എ ചുമത്തിയതിനെതിരെയും ശക്തമായി രംഗത്തുവന്നു. വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും യു.എ.പി.എ ചുമത്തുന്നതിലും ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്ന സി.പി.എം ഇവിടെ പൊലിസിനൊപ്പം നില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഒന്നിച്ച് എതിര്‍ക്കുന്ന സി.പി.ഐ ഇവിടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു.
മാവോയിസ്റ്റ് വിഷയത്തില്‍ സി.പി.ഐ ഇന്നലെയും നിലപാട് കടുപ്പിച്ചപ്പോഴാണ് പുതിയ വിഷയം ഇട്ടു കൊടുത്ത് പൊലിസ് സി.പി.ഐയെ വീണ്ടും പ്രകോപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്ലാസ് നടക്കുമ്പോഴാണ് രണ്ടു പാര്‍ട്ടിക്കാരെ ഭീകരവാദ കുറ്റം ചുമത്തി അതേ സര്‍ക്കാരിന്റെ പൊലിസ് അഴിക്കുള്ളിലാക്കിയത്. ഇത് പാര്‍ട്ടി പോളിറ്റ് ബ്യൂറേ അംഗം എം.എ ബേബി നയിച്ച ക്ലാസിലും ചര്‍ച്ചയായി. ഈ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി അംഗങ്ങള്‍ക്കു രക്ഷയില്ലേ എന്ന് ഒരു പാര്‍ട്ടി അംഗം പരസ്യമായി ചോദിച്ചു. പൊലിസിനു മേലുള്ള ഇടപെടലില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടു. യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് ഈ സര്‍ക്കാരിന്റെ കീഴിലുള്ള പൊലിസാണ്. ഇത്തരത്തിലാണ് പൊലിസ് ഭരണം മുന്നോട്ട് പോകുന്നതെങ്കില്‍ ബംഗാളും, ത്രിപുരയും ഇവിടെ ആവര്‍ത്തിക്കുമെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പൊലിസ് നയമല്ല കേരളത്തിലെ ഇടതു സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതെന്നും പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി നേരിടുമെന്ന് മറക്കാതെ പോകരുതെന്നും അവര്‍ പറയുന്നു. സി.പി.ഐയ്ക്ക് പിന്നാലെ മറ്റു ഘടകകക്ഷികള്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തി ഉണ്ടെങ്കിലും എല്‍.ഡി.എഫില്‍ വിഷയമുന്നയിക്കാം എന്ന നിലപാടിലാണ് അവര്‍. അതിനിടയില്‍ യു.എ.പി.എ ചുമത്തിയതിനെതിരേ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ഇന്നലെ പരസ്യമായി രംഗത്തു വന്നു.
അതേ സമയം, നിയമസഭയില്‍ വിഷയമില്ലാതെ ബുദ്ധിമുട്ടിലായ പ്രതിപക്ഷത്തിന് കിട്ടിയ പിടിവള്ളിയാണ് പുതിയ സംഭവം. നാളെ നിയമസഭയില്‍ അടിയന്തര പ്രമേയമായി വിഷയം അവതരിപ്പിച്ച് സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പൊലിസിന്റെ ഈ നടപടി സഭയില്‍ മാത്രമല്ല, പാര്‍ട്ടി വേദികളിലും മുഖ്യമന്ത്രിയ്ക്ക് മറുപടി പറയേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."