മലയാളം പഠിച്ചെടുക്കാന്‍ 2,285 മറുനാടന്‍ തൊഴിലാളികള്‍
കഴക്കൂട്ടം: കേരളത്തില്‍ വിവിധ ഇടങ്ങളില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന 'ചങ്ങാതി' പദ്ധതിക്ക് മികച്ച പ്രതികരണം. ഈ മാസം 25ന് 13 ജില്ലകളില്‍ 2,285 ഇതര സംസ്ഥാന തൊഴിലാളികള്‍ പരീക്ഷ എഴുതും. എറണാകുളം ഒഴിച്ചുള്ള ജില്ലകളില്‍ 225 കേന്ദ്രങ്ങളിലായാണ് പദ്ധതിയുടെ ആദ്യ പരീക്ഷ നടക്കുന്നത്.
നാല് മാസം കൊണ്ട് തൊഴിലാളികളെ മലയാളത്തില്‍ സാക്ഷരരാക്കുന്നതാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ 'ചങ്ങാതി' പദ്ധതി. നേരത്തെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ നടപ്പിലാക്കിയ 'ചങ്ങാതി' മാതൃകാ പ്രൊജക്ടിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് ഈ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പദ്ധതി കേരളമാകെ വ്യാപിപ്പിച്ചത്. ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് പദ്ധതി വ്യാപിപ്പിച്ചത്. സാക്ഷരതാ മിഷന് തയാറാക്കിയ 'ഹമാരി മലയാളം' എന്ന സാക്ഷരത പാഠാവലിയില്‍ നിന്ന് മൊത്തം നൂറ് മാര്‍ക്കിനാണ് പരീക്ഷ നടക്കുന്നത്. തിരുവനന്തപുരത്ത് കഴക്കൂട്ടം വാര്‍ഡിലും കൊല്ലത്ത് പെരിനാട് ഗ്രാമപഞ്ചായത്തിലും പത്തനംതിട്ടയില്‍ കോഴിപ്പുറം ഗ്രാമ പഞ്ചായത്തിലും ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലും കോട്ടയത്ത് പായിപ്പാട് ഗ്രാമപഞ്ചായത്തിലും ഇടുക്കി കരിക്കുന്നം ഗ്രാമപഞ്ചായത്തിലും തൃശൂരില്‍ ചാവക്കാട് നഗരസഭയിലും പാലക്കാട് പുതുശ്ശേരി ഗ്രാമപഞ്ചായത്തിലും മലപ്പുറത്ത് പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലും കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിലും കണ്ണൂരില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്തിലും വയനാട് മുപ്പൈനാട് ഗ്രാമപഞ്ചായത്തിലും കാസര്‍കോട് മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലുമാണ് പദ്ധതി നടപ്പിലാക്കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."