രാഷ്ട്രപതി ബി.ജെ.പിയുടെ പോക്കറ്റിലാണോയെന്ന് ശിവസേന
മുംബൈ: അധികാരം പങ്കിടുന്നതു സംബന്ധിച്ച് തര്‍ക്കം തുടരുന്ന മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ വെല്ലുവിളിച്ച് ശിവസേന. സ്വന്തം നിലയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെങ്കില്‍ അങ്ങിനെ ചെയ്യൂവെന്ന് ബി.ജെ.പിയെ ശിവസേന വെല്ലുവിളിച്ചു. പ്രതിസന്ധി അവസാനിപ്പിക്കാന്‍ ബി.ജെ.പി ഒന്നും ചെയ്യുന്നില്ലെന്നും തന്റെ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറാണെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് എം.പി പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം വൈകിയാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബി.ജെ.പിയുടെ ഭീഷണിയെയും ശിവസേന ചോദ്യംചെയ്തു. രാഷ്ട്രപതി നിങ്ങളുടെ കീശയിലാണോയെന്ന് റാവത്ത് ചോദിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന പ്രസ്താവന തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് നേരെയുള്ള ഭീഷണിയാണെന്നും ജനവിധിയെ പരിഹസിക്കുന്ന നിലപാടാണിതെന്നും റാവുത്ത് പറഞ്ഞു.
എന്നാല്‍, ശിവസേനയെ പിന്തുണച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ എന്‍.സി.പി തള്ളി. പ്രതിപക്ഷത്ത് ഇരിക്കാനാണ് എന്‍.സി.പിയോട് ജനങ്ങള്‍ ആവശ്യപ്പെട്ടതെന്നും അതു ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. പ്രതിപക്ഷത്ത് ഇരിക്കാന്‍ ജനങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യം ഞങ്ങള്‍ അംഗീകരിക്കുന്നു. ഭൂരിപക്ഷം ലഭിച്ച ബി.ജെ.പിയും ശിവസേനയും ഉത്തരവാദിത്വം കാണിക്കണം. തന്റെ അഭിപ്രായത്തില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത് കുട്ടിക്കളിയാണെന്നും പവാര്‍ പറഞ്ഞു.
അതേസമയം, ശിവസേനയെ പിന്തുണക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്. സാഹചര്യങ്ങള്‍ അനുകൂലമായി വരികയാണെങ്കില്‍ ശിവസേനയെ കൂടെനിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെപ്പറ്റി ആലോചിക്കണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നിലപാട്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേന സഹായംതേടിയാല്‍ പിന്തുണ നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ഹുസൈന്‍ ദല്‍വായ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."