നിര്‍ഭയ കേസ് പ്രതികള്‍ ദയാഹരജി നല്‍കും; വധശിക്ഷ നടപ്പാക്കുന്നത് നീളും
ന്യൂഡല്‍ഹി: രാജ്യത്ത് വന്‍ പ്രക്ഷോഭങ്ങള്‍ക്കിടയാക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട കുറ്റവാളികളെ ഈയാഴ്ച തൂക്കിലേറ്റിയേക്കില്ല. പ്രതികള്‍ ദയാഹരജി നല്‍കാന്‍ തീരുമാനിച്ചതോടെയാണിത്. രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുന്നതിന് മുന്നോടിയായി പ്രതികള്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് അവരുടെ അഭിഭാഷകര്‍ അറിയിച്ചു. നാല് പ്രതികളുടെയും വധശിക്ഷ ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവയ്ക്കുകയും തൂക്കിലേറ്റരുതെന്ന് അഭ്യര്‍ഥിച്ച് ഇവര്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കാതിരിക്കുകയും ചെയ്തതോടെ ഈ ആഴ്ച തന്നെ ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചിരുന്നു.
രാഷ്ട്രപതിക്ക് പ്രതികള്‍ ദയാഹരജി സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഏഴുദിവസത്തിനകം ശിക്ഷ നടപ്പാക്കുമെന്ന് തിഹാര്‍ ജയില്‍ ഡി.ജി.പി സന്ദീപ് ഗോയല്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ദയാഹരജി നല്‍കുന്നില്ലെങ്കില്‍ വധശിക്ഷാ വാറന്‍ഡ് പുറപ്പെടുവിക്കാന്‍ കീഴ്‌കോടതിയോട് ആവശ്യപ്പെടുമെന്ന് അറിയിച്ച് പ്രതികള്‍ക്ക് ജയിലധികൃതര്‍ നോട്ടീസ് നല്‍കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രതികള്‍ അഭിഭാഷകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രിംകോടതിയെ സമീപിക്കാന്‍ തീരുമാനമായത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവുശിക്ഷയാക്കണമെന്ന് കുറ്റവാളികള്‍ക്ക് രാഷ്ട്രപതിയോട് അപേക്ഷിക്കാം.
2012 ഡിസംബര്‍ 16ന് അര്‍ധരാത്രി ഓടുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം പുറത്തേക്കെറിയുകയും രണ്ടാഴ്ചയ്ക്കു ശേഷം ചികില്‍സയ്ക്കിടെ മരിക്കുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. കേസില്‍ ആറു പ്രതികളാണുള്ളത്. പ്രായപൂര്‍ത്തിയെത്താത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്കു മാറ്റി. ബാക്കിയുള്ള മുകേഷ് (31), പവന്‍ ഗുപ്ത (24), വിനയ് ശര്‍മ എന്നിവര്‍ തിഹാര്‍ ജയിലിലും അക്ഷയ്കുമാര്‍ സിങ് മണ്ടോളിയിലെ ജയിലിലുമാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."