കുമാരസ്വാമി സര്‍ക്കാരിനെ തള്ളിയിട്ടത് അമിത്ഷാ തന്നെ: സമ്മതിച്ച് യെദ്യൂരപ്പ
ബംഗളൂരു: എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചത് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ തന്നെയാണെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലേറി 100 ദിവസം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖയിലാണ് അമിത്ഷായുടെ ഇടപെടലിനെക്കുറിച്ച് യെദ്യൂരപ്പ വിവരിക്കുന്നത്.
കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍നിന്നുമെത്തിയ എം.എല്‍.എമാരോട് മാന്യമായി ഇടപെടണമെന്ന് യെദ്യൂരപ്പ പറയുന്നതായി ശബ്ദരേഖയിലുണ്ട്. കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.എമാര്‍ വിമത സ്വരമുയര്‍ത്തിയപ്പോള്‍ അതിനെ മറികടക്കാന്‍ സ്വയം ന്യായീകരിച്ച് യെദ്യൂരപ്പ സംസാരിക്കുന്ന ഓഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
നിങ്ങളെക്കൊണ്ട് ആ തീരുമാനമെടുപ്പിച്ചത് യെദ്യൂരപ്പയല്ല. പാര്‍ട്ടി അധ്യക്ഷനാണ് എല്ലാത്തിനും മേല്‍നോട്ടം വഹിച്ചതും എല്ലാം ഏര്‍പ്പാടാക്കിയതും. 17 (വിമത) എം.എല്‍.എമാര്‍ രണ്ടോ മൂന്നോ മാസത്തോളം തങ്ങളുടെ മണ്ഡലത്തിലേക്ക് പോവാതെ മുംബൈയില്‍ തന്നെ താമസിച്ചു. ഈസമയത്ത് അവര്‍ക്ക് കുടുംബത്തെ പോലും കാണാന്‍ കഴിഞ്ഞില്ല. ഇതൊക്കെ നിങ്ങള്‍ക്കറിയാമല്ലോ- അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.ജെ.പിക്കുള്ളിലെ വിഭാഗീയതയും വിമതശല്യവും കാരണം മുഖ്യമന്ത്രിപദത്തിലിരിക്കാന്‍ താല്‍പ്പര്യമില്ലെന്നും ശബ്ദരേഖയില്‍ യെദ്യൂരപ്പ പറയുന്നുണ്ട്.
ഈ സമയത്ത് പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണ് സഹായിച്ചത്. ഭരണ കക്ഷിയാകാന്‍ അവര്‍ ബി.ജെ.പിയെ സഹായിക്കുകയായിരുന്നു. അവര്‍ അവരുടെ എം.എല്‍.എ സ്ഥാനം രാജിവച്ചു. അതിനാല്‍ എന്ത് സംഭവിച്ചാലും നമ്മള്‍ അവരുടെ (വിമത എം.എല്‍.എമാര്‍) കൂടെ നില്‍ക്കണം. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായ ആളാണ്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്- യെദ്യൂരപ്പ പറഞ്ഞു. കുതിരക്കച്ചവടത്തിന് പിന്നില്‍ അമിത്ഷായാണെന്ന് ഇപ്പോള്‍ വ്യക്തമായെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."