കെ.എസ്.ടി.യു ഡി.ഡി.ഇ ഓഫിസ് മാര്‍ച്ച് 18ന്
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ശമ്പള നിഷേധത്തിനും വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണത്തിനുമെതിരെ 18നു ഡി.ഡി.ഇ. ഓഫിസുകളിലേക്കു മാര്‍ച്ചും ധര്‍ണയും നടത്താന്‍ കെ.എസ്.ടി.യു സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. വര്‍ഷങ്ങളായി എയിഡഡ് വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന മൂവായിരത്തോളം അധ്യാപകരുടെ ശമ്പളമാണു സര്‍ക്കാര്‍ നിഷേധിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസമായിട്ടും തസ്തിക നിര്‍ണയം നടത്താന്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ആറാം പ്രവൃത്തി ദിവസത്തിലെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് ജൂലൈ 15നാണു തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കേണ്ടത്. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
19, 20, 21 തിയതികളില്‍ വിദ്യാഭ്യാസ ജില്ലാതലത്തില്‍ നേതൃസംഗമം നടത്തും. വിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്‌നങ്ങളും സര്‍വ്വീസ് കാര്യങ്ങളും ചര്‍ച്ച ചെയ്യും. പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ വി.കെ. മൂസ, സി.കെ. അഹമ്മദ്കുട്ടി, അബ്ദുള്ള വാവൂര്‍, പി.കെ. ഹംസ, ബഷീര്‍ ചെറിയാണ്ടി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."