തീരദേശത്തെ പൊലിസ് അതിക്രമം ജനപ്രതിനിധികളുടെ എസ്.പി ഓഫീസ് മാര്‍ച്ചും ധര്‍ണയും നാളെ
മലപ്പുറം: തീരദേശ മേഖലകളില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയും അകാരണമായി കേസില്‍ കുടുക്കുകയും ചെയ്യുന്ന പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്കുള്ള ജില്ലയിലെ ജനപ്രതിനിധികളുടെ മാര്‍ച്ചും ധര്‍ണയും നാളെ രാവിലെ പത്തിന് നടക്കും. മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ്.പി ഓഫീസ് പരിസരത്ത് നടക്കുന്ന ധര്‍ണയോടെ സമാപിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തീരദേശമേഖലകളില്‍ സി.പി.എം അഴിച്ചുവിട്ട അക്രമങ്ങള്‍ അമര്‍ച്ചചെയ്യുന്നതില്‍ പൊലിസ് മൗനം പാലിച്ചിരുന്നു. മുസ്‌ലിംലീഗ് പ്രവര്‍ത്തകരോട് പക്ഷപാതപരമായി പെരുമാറുന്ന പൊലിസ് നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പാര്‍ട്ടി പ്രതിനിധികളായ എം.പിമാര്‍, എം.എല്‍.എമാര്‍, തദ്ദേശസ്ഥാപനങ്ങളിലെ മുസ്‌ലിംലീഗ് പ്രതിനിധികള്‍, മുസ്‌ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ധര്‍ണ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."