വാട്‌സ് ആപ്പ് ചോര്‍ച്ച: മലപ്പുറം സ്വദേശിയുടെ ഫോണും ചോര്‍ത്തി, സംഭവം സര്‍ക്കാറിന്റെ അറിവോടെയെന്ന് അജ്മല്‍ ഖാന്‍
മലപ്പുറം: കഴിഞ്ഞ ദിവസം പുറത്തായ വാട്‌സ് ചോര്‍ച്ചയില്‍ മലപ്പുറം സ്വദേശിയും കുടുങ്ങി. മലപ്പുറം കാളികാവ് സ്വദേശിയായ അജ്മല്‍ ഖാന്‍ ആണ് ഫോണ്‍ ചോര്‍ത്തലിന് ഇരയായത്.
ഭീമകൊറേഗാവിലെ ദലിത് സംഗമത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. അതായിരിക്കും ഫോണ്‍ചോര്‍ത്തലിന് പിന്നിലെന്ന് ഗസ്റ്റ് അധ്യാപകനായ അജ്മല്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ മൂന്നിന് കാനഡയിലെ ടൊറന്റോ സിറ്റിസണ്‍ ലാബ് തന്റെ വിവരങ്ങള്‍ ചോരുന്നതായി വിവരം നല്‍കിയിരുന്നെന്ന് അജ്മല്‍ പറയുന്നു. സിറ്റിസണ്‍ ലാബിലെ സീനിയര്‍ റിസര്‍ച്ചര്‍ ജോണ്‍ സ്‌കോട്ട് റെയില്‍ട്ടണ്‍ ഈ വിവരം വാട്‌സ്ആപ്പിലൂടെ അറിയിക്കുകയായിരുന്നു.ഒരപരിചിതന്‍ തങ്ങളുടെ നമ്പറിലേക്ക് മെസേജ് അയച്ചിട്ടുണ്ടെന്നും താങ്കളെ സംശയത്തിന്റെ മുനയിലാക്കിയിരിക്കുകയാണെന്നും ജോണ്‍ സ്‌കോട്ട് പറഞ്ഞു. ഇതേക്കുറിച്ച് സംസാരിക്കാന്‍ ഫോണ്‍ നമ്പറും വിവരങ്ങള്‍ പരിശോധിക്കാന്‍ തങ്ങളുടെ വെബ് സൈറ്റായ സിറ്റിസണ്‍ ലാബ്. സി.എ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാനും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അപരിചിത നമ്പറുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ കാര്യമാക്കേണ്ടെന്ന് കരുതി ഇത് അജ്മല്‍ ഖാന്‍ അവഗണിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മാസം അവസാനം ഇതു വാട്‌സ്ആപ്പില്‍ നിന്ന ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം വന്നു. തങ്ങളുടെ ഏറ്റവും പുതിയ അപ്‌ഡേഷന്‍ ഉപയോഗിക്കാനും സുരക്ഷയ്ക്കായി അപ്പപ്പോള്‍ അയക്കുന്ന അപ്‌ഡേറ്റുകള്‍ കൃത്യമായി മൊബൈലില്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അത്.
കേന്ദ്രസര്‍ക്കാറിന്റെ അറിവോടെയാണ് ഫോണ്‍ ചോര്‍ത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാട്‌സ് ആപ്പിലൂടെ നുഴഞ്ഞുകയറിയാണ് ഇസ്‌റാഈല്‍ കമ്പനി എന്‍.എസ്.ഒ ചാരപ്പണി നടത്തിയത്. മുസ്‌ലിം ദലിത് ആക്ടിവിസ്റ്റുകള്‍ , മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 1400 ഓളം പേരാണ് ഇന്ത്യയില്‍ നിന്ന് ഫോണ്‍ ചോര്‍ത്തലിന് ഇരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."