മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയില്‍ സ്‌നേഹ വീടണഞ്ഞു
കോഴിക്കോട്: രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദീപാവലി നാളിലാണ് സ്‌നേഹയുടെ രണ്ട് പെണ്‍മക്കളില്‍ ഇളയവളായ ചക്കോലിയെ കാണാതാവുന്നത്. നാസിക്കിലെ കനേഡ കോര്‍ണറിന് അടുത്ത് വരെ തന്റെ കൈയും പിടിച്ച് നടന്ന മകളെ കാണാതായതോടെ സ്‌നേഹ വല്ലാതായി. അന്നു മുതല്‍ നഷ്ടപ്പെട്ട മകളെയും തേടിയുള്ള യാത്രയായിരുന്നു.
കയറിയിറങ്ങാത്ത പൊലിസ് സ്റ്റേഷനുകളില്ല. പത്രമാധ്യമങ്ങളിലെല്ലാം മകളുടെ ഫോട്ടോ സഹിതം വാര്‍ത്തകളും പ്രസിദ്ധീകരിച്ചു. എന്നാല്‍ നിരാശയായിരുന്നു ഫലം. അങ്ങനെ സ്‌നേഹ ആറ് മാസങ്ങള്‍ക്ക് മുന്‍പ് മകളെയും തേടി വീട് വിട്ടിറങ്ങി. മനോനില തകര്‍ന്ന സ്‌നേഹ അവസാനം എത്തിപ്പെട്ടത് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലായിരുന്നു. റെയില്‍വെ പൊലിസിന്റെ ശ്രദ്ധയില്‍പെട്ട സ്‌നേഹയെ സി.ജെ.എന്‍ കോടതിയില്‍ ഹാജരാക്കി. ശേഷം ചികിത്സക്കായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു. എന്നാല്‍ വീട് വിട്ടിറങ്ങിയ സ്‌നേഹയെയും തേടി ബന്ധുക്കളും അന്വേഷണം നടത്താന്‍ തുടങ്ങിയിരുന്നു.
ആറ് മാസം ഡോ. വത്സലയുടെ നേതൃത്തില്‍ നടത്തിയ ചികിത്സക്ക് ശേഷം സാധാരണ നിലയിലേക്കെത്തിയ സ്‌നേഹയോട് കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ശോഭിത തോപ്പില്‍, സുഭാഷ് ചന്ദ്ര ബോസ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനഫലമായി നാസികിലുള്ള കുടുംബത്തെ കണ്ടെത്തുകയും ചെയ്തു. നാസിക് പൊലിസിന്റെ സഹായത്തോടെ കോഴിക്കോടെത്തിയ മകള്‍ എട്ടു വയസുകാരി ശിവാനിയെയും മുത്തശ്ശിയെയും അമ്മാവനെയും കണ്ടപ്പോള്‍ സ്‌നേഹയുടെ കണ്ണില്‍ നിന്ന് ആനന്ദകണ്ണീര്‍ പൊടിയുന്നുണ്ടായിരുന്നു. ഇളയമകള്‍ ചക്കോലിയെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം ബന്ധുക്കളോടൊപ്പം സ്‌നേഹ നാട്ടിലേയ്ക്ക് പുറപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."