ദുരിതങ്ങളുടെ കലഹക്കഥകള്‍
മലയാള സാഹിത്യം വളരെ ശക്തിയോടെ തിരിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് കരുതാനാണ് ഇഷ്ടം. ഉത്തരാധുനികത നല്‍കിയ സ്വാതന്ത്ര്യം, കഥ പറയുന്ന രീതിയിലും ഘടനാരൂപങ്ങളിലും തെളിയുന്നുണ്ട്. ഇത്തരം ശ്രമങ്ങളിലൂടെ എഴുത്തുകാര്‍ വായനക്കാരെ വിശാലമായ ഒരിടത്തിലേക്കാണ് ഒപ്പം കൂട്ടുന്നത്. റിയലിസം ഒരു ജനപ്രിയ രീതിയായി അവലംബിക്കുമ്പോഴും ഹൈപ്പര്‍ റിയലിസവും ഫാന്റസിയും മാജിക്കല്‍ റിയലിസവുമൊക്കെ എഴുത്തിന്റെയും വായനയുടെയും അനന്ത സാധ്യതകള്‍ മലയാള സാഹിത്യത്തിലും പരീക്ഷണ കൃതികള്‍ക്ക് പ്രേരകങ്ങളാകുകയും, വായനക്കാര്‍ക്ക്, പുതിയ വായനാനുഭങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
പുതിയ തലമുറയിലെ എഴുത്തുകള്‍ നിരീക്ഷിച്ചാല്‍ പ്രഖ്യാപിത ചട്ടക്കൂടുകള്‍ക്ക് വെളിയിലേക്ക് സംക്രമിക്കുന്ന കൃതികള്‍ ഉണ്ടാകുന്നു എന്നത് തന്നെ സന്തോഷകരമായ ഒരു അവസ്ഥയാണ് എന്ന് പറയുന്നത്, പുതിയ മേച്ചില്‍പ്പുറങ്ങള്‍ സാധ്യമാകുന്ന വായനക്കാരുടെ സംതൃപ്തി കൂടിയാണ്.
ഇത്തരം ശ്രേണിയില്‍പ്പെടുന്ന ഒത്തിരി എഴുത്തുകള്‍ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്ന ഒരു കൂട്ടം എഴുത്തുകാരില്‍ ഒരാളാണ് സോക്രട്ടീസ്. തനതായ ഒരു ശൈലി രൂപപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആഖ്യാനങ്ങളുടെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.
1987 ലാണ് വല എന്ന കഥയിലൂടെ സോക്രട്ടീസ് കെ. വാലത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങുന്നത്. ആനുകാലികങ്ങളില്‍ കഥകളെഴുതുകയും തുടര്‍ന്ന് ദൃശ്യമാധ്യമ രംഗത്ത് സജീവമാവുകയും ചെയ്തു. കഥാ സമാഹാരങ്ങളും 'ആനന്ദലഹരി' എന്ന നോവലും 'കഥാന്തരങ്ങള്‍' എന്ന അഭിമുഖ സമാഹാരവും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും ഇതിനകം കരസ്ഥമാക്കിയ സോക്രട്ടീസിന്റെ 'വെറോനിക്ക @15'എന്ന കഥാസമാഹാരത്തിലെ കഥകള്‍ ശ്രദ്ദേയമാണ്.
ആനന്ദ് നഗറിലെ കാറ്റ് എന്ന കഥയില്‍ യാതൊരു കാരണവുമില്ലാതെ ഒരു മനുഷ്യന്‍ കുറെ ഗൂഢാലോചനക്കാരുടെ ചരടുവലികള്‍ക്ക് പാത്രമായി ഇല്ലാതെയാകുന്നു. ഇര ഒരു പുരുഷനാകുന്നതിലെ രാഷ്ട്രീയം ഉച്ചത്തില്‍ പറയുന്നു. എഴുത്തുകാരന്റെ ഭാര്യയായ രത്‌നാഭായിയുടെ ദുരിതകഥ പറഞ്ഞുകൊണ്ട്, വെറും വില്‍പ്പനച്ചരക്കായി പുസ്തകം മാറുകയും, പുറം തള്ളപ്പെടുന്ന അസംസ്‌കൃത വസ്തുവായി എഴുത്തുകാരന്‍ ഒരു ഓര്‍മ മാത്രമാകുകയും ചെയ്യുന്ന അവസ്ഥയെ വ്യത്യസ്ത പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്നു. റോസിയും മാര്‍ഗരറ്റും ആഞ്ചലയുമൊക്കെ ഒരോരോ കഥകളിലൂടെ വന്ന് പറയുന്നതൊന്നും, നമുക്കന്യമായ കഥകളല്ല.
'മരണഭാഷ'യുടെ ഇതിവൃത്തം, രക്തസാക്ഷികള്‍ ഉണ്ടാകുന്നതിനെ ഉണ്ടാക്കുന്നതിനെ, വേണ്ടുവോളം പരിഹസിക്കുന്നുണ്ട്.
മണ്ണിനെ അതിരുതിരിച്ച്, അവനവന്റേത് മാത്രമാക്കി നിലനിര്‍ത്താനുള്ള മനുഷ്യരുടെ അത്യാര്‍ത്തിയെ ചൂണ്ടിക്കാണിക്കുന്ന മഴയുടെ പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്ന ഒരു ചെറിയ കഥയാണ് ജീവനം.
മദനെല്ലൂരിലെ പെണ്‍ പന്നികള്‍, വെറോനിക്ക@15 എന്നിവയാണ് ഈ സമാഹാരത്തിലെ ശക്തമായ രണ്ട് കഥകള്‍. പുരുഷനെ ബലാത്സംഗം ചെയ്തു കൊല്ലണം എന്നു പ്ലാനിടുന്ന വെറോനിക്ക സെറ്റാര്‍ക്കോസ് എന്ന മനുഷ്യന്‍, പെണ്‍മക്കളെ മാംസക്കഷണങ്ങളായി കാണുന്ന ആണും പെണ്ണും അടങ്ങുന്ന നാട്ടുകാരോട് വിചിത്രമായ രീതിയില്‍ പകവീട്ടുന്ന മദനെല്ലൂര്‍ എന്ന സാങ്കല്‍പിക നാട്ടില്‍ നടക്കുന്ന കഥ, ഇവ രണ്ടും വായന കഴിഞ്ഞിട്ടും മനസില്‍ നിറഞ്ഞുനില്‍ക്കുന്നു. മദനെല്ലൂരിലെ പെണ്‍പന്നികളിലെ ദുരൂഹതയുടെ അംശം, കഥക്ക് മാറ്റു കൂട്ടുന്നുണ്ട്.
ഭയവും ഒറ്റപ്പെടലും പോരാട്ടവും പ്രതിരോധവും സര്‍ക്കാസവുമെല്ലാം നിറഞ്ഞ ചെറിയ കഥകളാണ് എല്ലാം. തികച്ചും വ്യത്യസ്തമായ ശൈലിയിലും പ്രതലത്തിലും സൃഷ്ടിച്ചെടുത്ത ഈ കഥകള്‍ പലപ്പോഴായി വിവിധ ആനുകാലികങ്ങളില്‍ വന്നിട്ടുള്ളതാണ്. കാല്‍പനികതയ്ക്കപ്പുറം റിയാലിറ്റിയോട് ചേര്‍ന്നുനിന്ന് എഴുതിയിട്ടുള്ള കഥകള്‍, നമ്മള്‍ ആയിരിക്കുന്ന അവസ്ഥകളെ സമര്‍ഥമായി ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
പത്ത് ചെറുകഥകളും അനന്തപത്മനാഭന്റെ അവതാരികയും രാഹുല്‍ ശങ്കുണ്ണി നടത്തിയ അഭിമുഖവും ചേര്‍ന്നതാണ് പ്രസ്തുത പുസ്തകം.
എഴുത്തു നിര്‍ത്തുന്നതും പ്രതിഷേധമാണ്
സോക്രട്ടീസ് കെ. വാലത്ത്/ ദിവ്യ ജോണ്‍ ജോസ്
ഭാഷ നിരന്തരമായി ടെക്‌നോളജികള്‍ കൊണ്ട് സ്വാധീനിക്കപ്പെടുകയും 'സൂപ്പര്‍ ടെക്സ്റ്റ്'കള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. ഒരു അഭിമുഖകര്‍ത്താവ്, എഴുത്തുകാരന്‍, ദൃശ്യമാധ്യമ രംഗത്തുള്ള പ്രവര്‍ത്തകന്‍ ഒരാളെന്ന നിലയില്‍, ഭാഷയില്‍ സംഭവിക്കുന്ന ഈ വ്യതിയാനങ്ങളെ എങ്ങനെയാണ് കാണുന്നത്?
സമൂഹത്തിന്റെ മാറ്റത്തിനനുസരിച്ച് ഭാഷ മാറുന്നത് സ്വാഭാവികം. എഴുത്തില്‍ പലരും ഭാഷയെ പുതുക്കിയെഴുതാന്‍ ശ്രമിക്കാറുണ്ട്. സാഹിത്യ ചരിത്രമെടുത്താല്‍ കെ. സുകുമാരന്‍, എം.ടി, ടി. പത്മനാഭന്‍, കോവിലന്‍, മാധവിക്കുട്ടി, ഒ.വി വിജയന്‍, കാക്കനാടന്‍, വി.കെ.എന്‍, സക്കറിയ, ടി.വി കൊച്ചുബാവ, തോമസ് ജോസഫ് ഇവരൊക്കെ അവരവരുടേതായ ഭാഷാരീതി നിര്‍മിച്ചവരാണ്. പക്ഷേ, ഇങ്ങനെ രൂപപ്പെടുത്തിയ ഭാഷയുടെ തടവില്‍ സ്വയം പെട്ടുപോവുക എന്നതാണിതിന്റെ പാര്‍ശ്വഫലം. പ്രമേയം ആവശ്യപ്പെടുന്ന ഭാഷയും അവതരണ രീതിയും ഓരോ കഥയ്ക്കും നല്‍കുക എന്നതിനപ്പുറം സ്വന്തമായ ഒരു അടയാളം ഭാഷയിലൂടെ നല്‍കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. കഥ പറയാനുള്ള ഒരു മാധ്യമം മാത്രമാണെനിക്കു ഭാഷ. സ്വകീയമായ ഒരു ഭാഷാശൈലിയെക്കാള്‍ പ്രധാനം കഥ അനുഭവിപ്പിക്കാന്‍ പോന്ന ഉചിതമായ വാക്കുകളുടെ തെരഞ്ഞെടുപ്പാണെന്നു കരുതുന്നു.
തത്ത്വമസിയുടെ രചനയ്ക്ക് ശേഷം സിദ്ധിക്കുകയുണ്ടായ ചാരിതാര്‍ഥ്യത്തെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്തു പറയുകയാണെങ്കില്‍ 'ചിന്തയുടെ സര്‍വ്വാംഗീണമായ ഏകാഗ്രത കൊണ്ടു സിദ്ധിക്കുന്ന ഒരു വചനപൂര്‍ത്തി' കിട്ടിയതായി തോന്നി എന്ന് ഡോ. സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട്.
മറ്റു പല മേഖലകളിലും ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍, പുസ്തക രചയിതാവ് എന്ന വിശേഷണം എങ്ങനെ സംതൃപ്തപ്പെടുത്തുന്നു, ആസ്വദിക്കുന്നു എന്ന് പറയാമോ?
എഴുത്ത് പൂര്‍ണമായതായി തോന്നാറില്ല. പുനര്‍വായനകള്‍ വീണ്ടും എഴുത്തിലേക്കു നയിക്കാറുണ്ട്. തിരുത്തി എഴുത്തും ഒരു സര്‍ഗ പ്രവൃത്തിയാണ്. ആനുകാലികങ്ങളില്‍ വന്ന രചനകള്‍ പുസ്തകത്തിലേക്കു മാറ്റുമ്പോഴും പുന:സൃഷ്ടിക്ക് വിധേയമാവും. എഴുതിയ ഒന്നിനെ സംബന്ധിച്ചും അവയെ മൊത്തത്തില്‍ എടുത്താല്‍ സംതൃപ്തി തോന്നിയിട്ടേയില്ല. അവിടവിടെ ഉള്ള ചില മികവിന്റെ തെളിച്ചങ്ങള്‍ കാണാതിരിക്കാറുമില്ല. ഈ അപൂര്‍ണതയാണ്് എഴുത്തു തുടരാന്‍ പ്രേരിപ്പിക്കുന്നത്. പൂര്‍ണ സംതൃപ്തി ഒരു മായാമൃഗമാണ്. പിടി തരാത്തത്. അണച്ചും കിതച്ചും തളര്‍ന്നുവീഴും വരെ അതിനു പിന്നാലെയുള്ള ക്ലേശകരമായ ഈ ഓട്ടം അതില്‍ പക്ഷേ, ആനന്ദമുണ്ട്. അത് ആസ്വദിക്കാറുണ്ട്.
ചില എഴുത്തുകാര്‍, ചില പ്രസാധകരുമായി ഇനി സഹകരിക്കില്ല എന്നുള്ള വാര്‍ത്തകള്‍ കാണാറുണ്ടല്ലോ? ഫാസിസം മുതല്‍ പേപ്പര്‍ ക്വാളിറ്റി വരെ കാരണമായി പറയുന്നവര്‍ ഉണ്ട്.
ഈയൊരു പ്രശ്‌നത്തെ ഗൗരവതരമായ ചര്‍ച്ചയ്‌ക്കെടുത്താല്‍, എഴുത്തുകാരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള ചില നിലപാടുകള്‍, അടുത്ത കാലത്ത് ചില പ്രസാധകര്‍ കൈക്കൊണ്ടിട്ടുള്ളതായി ഒളിഞ്ഞും തെളിഞ്ഞും വാര്‍ത്തകളില്‍ വരുന്നുമുണ്ട്. ഇത്തരം ഒരന്തരീക്ഷത്തെ എങ്ങനെ വിലയിരുത്തുന്നു?
കാലം കോര്‍പ്പറേറ്റുകളുടെ പിടിയിലാണ്. എണ്ണക്കമ്പനികള്‍, ആയുധക്കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍, മരുന്നു ലോബികള്‍, മയക്കുമരുന്ന് മാഫിയകള്‍ ഇവരില്‍ പല ജാതിമതക്കാരുണ്ട്. പല രാജ്യക്കാരുണ്ട്. കോടികള്‍ ഉണ്ടാക്കി കൂട്ടുക എന്നത് മാത്രമാണിവരുടെ പൊതുലക്ഷ്യം. അതില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. അതി വിശാലമായതും എന്നാല്‍ അദൃശ്യമായതും അതുകൊണ്ടുതന്നെ തിരിച്ചറിയാനോ നേരിട്ട് എതിര്‍ക്കാനോ കഴിയാത്തതുമായ ഒരു ആഗോള മനുഷ്യവിരുദ്ധ ലോബിയാണിത്. ഇതിന്റെ നീരാളിപ്പിടിത്തത്തിലാണിന്ന് സകലമാന രാജ്യങ്ങളുടെയും സര്‍ക്കാരുകള്‍. ഓരോ പാര്‍ട്ടികളും നേതാക്കളും അവരുടെ പിന്തുണയില്‍ ഭരണാധിപന്‍മാരായിരിക്കുന്നവരും ഈ ആഗോള ലോബിയുടെ കളിപ്പാവകളാണ്. ഇതില്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അമര്‍ഷം ഉണ്ടെങ്കില്‍ അത് ഈ ആഗോള വ്യവസ്ഥിതിയോടു തന്നെയാണു പ്രകടിപ്പിക്കേണ്ടത്. പക്ഷെ അത് സാധ്യമല്ലല്ലോ.
പിന്നെ, ജാതിമത ഫാസിസത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ദേശീയ ഭരണവും ദിനംപ്രതി കുത്തക മുതലാളിത്തത്തിന്റെ പിണിയാളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന ഭരണവും തമ്മില്‍ സ്വാതന്ത്ര്യപ്രേമിയും മനുഷ്യസ്‌നേഹിയുമായ ഒരെഴുത്തുകാരന് എന്തെങ്കിലും വ്യത്യാസം കാണാനാവുമോ? ഈ അവസ്ഥയില്‍ ഒന്നുകില്‍ നിങ്ങള്‍ക്ക് എഴുത്തു തന്നെ നിര്‍ത്തിക്കൊണ്ടു പ്രതിഷേധിക്കാം. അല്ലെങ്കില്‍, എഴുതിക്കൊണ്ടിരിക്കുക എന്നത് തന്നെ ഒരു പ്രതിഷേധ മാര്‍ഗമാക്കാം. ഫാസിസത്തിന്റെ പേരില്‍ ഒരു പ്രസിദ്ധീകരണത്തെ നിരാകരിക്കുന്നതിന് പകരം ആ പ്രസിദ്ധീകരണത്തിന്റെ സ്വീകാര്യത ഉപയോഗപ്പെടുത്തി എങ്ങനെയൊക്കെ ഫാസിസത്തിനെതിരെ പ്രതികരിക്കാം എന്നാണ് ഒരു എഴുത്തുകാരന്‍ ആലോചിക്കേണ്ടത്. 'നവംബര്‍- 2016' എന്ന എന്റെ കഥ നോട്ട് നിരോധിച്ചതിനെതിരെ മാത്രമല്ല, എഴുത്തുകാരനെ പിഴിഞ്ഞുതിന്നുന്ന പ്രസാധക ഫാസിസത്തിനു നേരെയുള്ള പ്രതികരണം കൂടിയായിരുന്നു. അത് പ്രസിദ്ധീകരിക്കാന്‍ ഏറ്റവും അധികം വായനക്കാരുള്ള ആഴ്ചപ്പതിപ്പ് തന്നെയാണ് ഞാന്‍ തെരഞ്ഞെടുത്തതും. എഴുത്ത് നിര്‍ത്തിയെന്നോ ഇന്ന വാരികയില്‍ ഇനി എഴുതില്ലെന്നോ പ്രഖ്യാപിക്കാന്‍ ഞാനാളല്ല. അങ്ങനെ പറയാമെന്നു വച്ചാല്‍ തന്നെ എന്നെ അതിനു പോന്നവനാക്കിയത് ഈ വാരികകള്‍ ഒക്കെത്തന്നെയാണ് എന്നെനിക്ക് മറക്കാനാവില്ലല്ലോ.
എം. സുകുമാരന്‍ എഴുത്ത് നിര്‍ത്തിയത് ഓര്‍മിക്കാം. എഴുത്തിലൂടെ ഫാസിസത്തെ ഏറെ ചെറുത്തു നിന്ന ആ എഴുത്തുകാരന്‍ എഴുത്ത് നിര്‍ത്താന്‍ എന്താവും കാരണം? അതിന്റെ നിഷ്ഫലതയെ കുറിച്ച് ഓര്‍ത്തിട്ടാകാം. ഫാസിസം എന്നത് അടുക്കള മുതല്‍ പാര്‍ലമെന്റ് വരെയുള്ള സമൂഹത്തിന്റെ വിവിധ തലങ്ങളില്‍, രീതികളില്‍, ഭാവങ്ങളില്‍ എവിടെയും നടമാടുന്ന ഒന്നാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടാകാം. ശക്തന് അശക്തനെ കീഴടക്കാനുള്ള മൃഗവാസന മനുഷ്യനില്‍ ഉള്ളിടത്തോളം കാലം ഫാസിസം നിത്യസത്യമായി നിലനില്‍ക്കുമെന്നത് മനസിലാക്കിയിട്ടാകാം. ഉറക്കെ ഉറക്കെ വിപ്ലവം ഘോഷിക്കുമ്പോഴും എഴുത്തുകാരന് പ്രസാധകനു മുന്നില്‍ വിനീതവിധേയനാവേണ്ടി വരുന്നു, അവനെ കണ്ണടച്ചു വിശ്വസിക്കേണ്ടി വരുന്നു എന്നൊക്കെയുള്ള ദയനീയമായ വസ്തുതകള്‍ ബോധ്യമായിട്ടാകാം. എന്തായാലും എം. സുകുമാരന്‍ എഴുത്തു നിര്‍ത്തി. പ്രഖ്യാപനമോ ആഹ്വാനങ്ങളോ ഇല്ലാതെ. അതും ഒരു നിലപാടാണ്.
നമുക്ക് ഇഷ്ടമില്ലാത്ത ഒരു സെറ്റപ്പില്‍ വര്‍ക്ക് ചെയ്യേണ്ട എങ്കില്‍ വേണ്ട. അത് ഒരു സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടിന്റെ പേരിലോ അതിനകത്തെ ഉദ്യോഗസ്ഥരെ മാറ്റി നിയമിക്കുന്നതിന്റെ പേരിലോ ആകുന്നത് വ്യര്‍ഥമാണ്. സ്വന്തം വായനാലോകം ചുരുങ്ങും എന്നത് മാത്രമാണ് അതിന്റെ ആത്യന്തിക ഫലം.
ഏറ്റവും കൂടുതല്‍ ചെറുകഥകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ കഴിഞ്ഞ രണ്ട് ദശാബ്ദത്തിലാണെന്ന് വിലയിരുത്തപ്പെടുന്നുണ്ടല്ലോ? സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ഈയൊരു പ്രക്രിയയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഏറ്റവും സൂക്ഷ്മതയോടും കൃത്യതയോടും കൂടി, ചുരുങ്ങിയ സമയം കൊണ്ട് വായനക്കാരനെ സംതൃപ്തിപ്പെടുത്തേണ്ട അധിക ബാധ്യതയാണ് ഓരോ ചെറുകഥയിലൂടെയും, എഴുത്തുകാരന് നിര്‍വ്വഹിക്കേണ്ടതായിട്ടുള്ളത്. നോവലിസ്റ്റ് എന്ന നിലയിലും ചെറുകഥാകൃത്ത് എന്ന നിലയിലും ഈ വാദഗതികളോട് യോജിക്കുന്നുണ്ടാ?
നോവലിനേക്കാള്‍ കടുപ്പം ചെറുകഥ എഴുതുന്നതു തന്നെ. ഒരു ചെറിയ സ്‌പേസില്‍ നിന്ന് വലിയ സ്‌പേസിലേക്ക് വായനക്കാരെഎത്തിക്കുകയെന്നതാണ് ചെറുകഥാകാരന്റെ നിയോഗം. അതിനുപക്ഷേ ഒരുപാട് വഴികള്‍ അവന് കണ്ടെത്താം. തലമുറകളുടെ, ദശകങ്ങളുടെ ഒക്കെ കഥ ഒരു ചെറുകഥയിലൊതുക്കാന്‍ ക്രാഫ്റ്റിന്റെ മിടുക്കറിയുന്ന ഒരു ചെറുകഥാകൃത്തിനു സാധിക്കും. അതുപക്ഷേ ഏറെ ശ്രമകരവും വലിയ അധ്വാനവും നിറഞ്ഞതുമാണ്. വാക്കുകള്‍ വിലപ്പെട്ടതാകുന്നത് ഇവിടെയാണ്.
'കാച്ചിക്കുറുക്കാതെ വലിച്ചുനീട്ടിപ്പരത്തി എഴുതിവിടാം. എളുപ്പമാണു. കഥയല്ലേ? അതിന് ഒതുക്കമോ രൂപഭംഗിയോ എന്തിന്? കഥയങ്ങ് പറഞ്ഞ് പറഞ്ഞു പോവുക' എന്നും ചിലര്‍ പറയുന്നുണ്ട്. മുത്തശ്ശിമാര്‍ ഉണ്ണികളെ ഉറക്കാന്‍ പറയുന്ന കഥകള്‍ക്ക് ഈ പറഞ്ഞത് ചേരും. മോപ്പ സാങ്, ചെക്കോവ്, ഗൊ ഗോള്‍, മര്‍കേസ്, കാരൂര്‍, ബഷീര്‍, പത്മരാജന്‍, സി.വി ബാലകൃഷ്ണന്‍, ടി.വി കൊച്ചുബാവ തുടങ്ങി ഓരോ കഥകള്‍ക്കും വ്യത്യസ്തമായ ക്രാഫ്റ്റ് നല്‍കി ശില്‍പ ചാതുര്യത്തോടെ ചെറുകഥയെഴുതിയവരെ വായിച്ചു കടന്നുപോന്ന ഇന്നത്തെ വായനക്കാരനെ അല്‍പ്പമെങ്കിലും അനുഭവിപ്പിക്കാന്‍ ഒരു ചെറുകഥാകൃത്ത് ലളിതമായ പരപ്പന്‍ രീതികള്‍ വിട്ട് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തണം. വായിക്കുന്നവര്‍ക്ക് ബോധമില്ലെന്നു കരുതാന്‍ പാടില്ലല്ലോ. പരന്ന എഴുത്ത് ചെറുകഥയുടെ ധ്വനി സാധ്യതകള്‍ ഇല്ലാതാക്കും. സാന്ദ്രത നഷ്ടപ്പെടുത്തും. ചെറുകഥാ പ്രസ്ഥാനത്തെ തന്നെ ഇല്ലാതാക്കും. പക്ഷെ, മലയാളത്തിലെ ഏറ്റവും പുതിയ തലമുറ ചെറുകഥ തന്നെ എഴുതാനാണ് താല്‍പര്യപ്പെടുന്നത് എന്നത് ആശ്വാസകരമാണ്.
പുതിയ എഴുത്തുകള്‍?
പുതിയ രചനകളെ കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. തോന്നുമ്പോള്‍ മാത്രം എഴുതുന്നതാണു ശീലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."