ജലാശയങ്ങളില്‍ മാലിന്യം; കുടിവെള്ള പദ്ധതി നിര്‍മാണം ഇഴയുന്നു
വടക്കാഞ്ചേരി: കുണ്ടുകാട് വട്ടായി ക്വാറി ജലാശയം മാലിന്യ നിക്ഷേപകരുടെയും സാമൂഹിക വിരുദ്ധരുടെയും വിഹാരകേന്ദ്രമാവുന്നു. ആഴവും പരപ്പുമേറിയ ജലാശയത്തിലേക്ക് ചാക്കു കണക്കിന് മാലിന്യങ്ങളാണ് തള്ളുന്നത്. മാലിന്യം തള്ളരുത് എന്നും നീരിക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നുമുള്ള അധികൃതരുടെ അറിയിപ്പ് ബോര്‍ഡിനെ തീര്‍ത്തും അവഗണിച്ചാണ് ജലാശയത്തില്‍ ടണ്‍ കണക്കിന് മാലിന്യം നിക്ഷേപിക്കുന്നത്.
പി.കെ ബിജു എം.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന കുടിവെള്ള പദ്ധതിയുടെ ജല സ്രോതസിലാണ് അധികൃതരെ പരസ്യമായി വെല്ലുവിളിച്ച് സാമൂഹിക വിരുദ്ധര്‍ വിഹരിക്കുന്നത് എന്നിട്ടും ചെറുവിരലനക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
ഇത് മാലിന്യ നിര്‍മാര്‍ജനം കവല പ്രസംഗമാക്കുന്ന അധികൃതരുടെ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്നതുമാണ്. ദുര്‍ഗന്ധം വമിക്കുന്ന നിരവധി ചാക്കുകള്‍ വെള്ളത്തില്‍ ഒഴുകി നടക്കുകയാണ്. അറവു മാലിന്യം ഉള്‍പ്പടെയുള്ള മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിനാല്‍ വരും നാളുകളില്‍ പ്രദേശത്ത് മാരക രോഗങ്ങള്‍ പടരുമോ എന്ന ഭയാശങ്ക നാട്ടുകാര്‍ മറച്ചുവെക്കുന്നില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളൊഴിഞ്ഞ സമയങ്ങളില്‍ ക്വാറിയുടെ മുകള്‍ ഭാഗത്ത് നിന്നും മാലിന്യം വാഹനങ്ങളില്‍ കൊണ്ടുവന്ന് തള്ളുകയാണെന്നും നാട്ടുകാര്‍ പറയുന്നു. വനമേഖലയോട് ചേര്‍ന്നുള്ള മുകള്‍ ഭാഗമാണെങ്കില്‍ മദ്യപന്‍മാരായ സാമൂഹിക വിരുദ്ധര്‍ ദിനം പ്രതി വിളയാടുന്ന സ്ഥലമാണ്. ഒഴിഞ്ഞ മദ്യക്കുപ്പികളും ഗ്ലാസുകളും അവശിഷ്ടങ്ങളുമൊക്കെ ഇതിന് തെളിവാണ്.
ജനവാസം കുറവുള്ള മേഖലയാണെനന്നതും മാലിന്യം തള്ളിയാലും മദ്യപിച്ചാലും ആരും നടപടിയെടുക്കാനില്ല എന്നതും മദ്യപാനികള്‍ക്കും മാലിന്യ നിക്ഷേപകര്‍ക്കും വീണ്ടു ഇവിടെയെത്താന്‍ പ്രോത്സാഹനം നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."