സഊദിയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് ഇനി എയര്‍പോട്ട് നികുതി
ജിദ്ദ: സഊദിയില്‍ ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ജനുവരി മുതല്‍ എയര്‍പോട്ട് നികുതി ബാധകം. ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ 10 റിയാല്‍ വീതമാണ് നല്‍കേണ്ടത്. വിമാനത്താവളങ്ങളിലെ പശ്ചാത്തല സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിരക്കായാണ് ഈ തുക ഈടാക്കുന്നതെന്നാണ് വിവരം. അതേ സമയം രണ്ടുവയസില്‍ താഴെയുളള കുട്ടികള്‍, വിമാന ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് സര്‍വീസ് ചാര്‍ജ് ബാധകമല്ല. ആഭ്യന്തര യാത്രക്കാരില്‍ നിന്നും നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്. ആഭ്യന്തരഅന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് നികുതിക്ക് മൂല്യ വര്‍ധിത നികുതിയും ബാധകമാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ടിക്കറ്റ് നിരക്കിനും ഇത് ബാധകമാണ്. എന്നാല്‍ അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് മൂല്യ വര്‍ധിത നികുതി ബാധകമല്ല. അതേ സമയം ഇതിനകം വില്‍പന നടത്തിയ ആഭ്യന്തര ടിക്കറ്റുകളില്‍ എയര്‍പോര്‍ട്ട് ടാക്‌സ് ഇനത്തിലുള്ള തുക ഈടാക്കാന്‍ വിമാന കമ്പനികളും ബന്ധപ്പെട്ട എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനുകളും നേരിട്ട് ഏകോപനം നടത്തും. എയര്‍പോര്‍ട്ട് ടാക്‌സ് ഇനത്തിലെ തുക അടക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ സമര്‍പ്പിക്കുന്ന സാമ്പത്തിക സെറ്റില്‍മെന്റ് അപേക്ഷകള്‍ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനിലെ പൊതുവരുമാന ഡിപ്പാര്‍ട്ട്‌മെന്റും പരിശോധിക്കും.
എയര്‍പോര്‍ട്ട് ടാക്‌സ് അടക്കാന്‍ കാലതാമസം വരുത്തുന്ന വിമാന കമ്പനികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ക്ക് അവകാശമുണ്ടാകും. ആഭ്യന്തര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് ടാക്‌സ് മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ പുനഃപരിശോധിച്ച് രാജ്യത്തെ പണപ്പെരുപ്പ, മാന്ദ്യ നിരക്കുകള്‍ക്ക് അനുസൃതമായി കൂട്ടുകയോ കുറക്കുകയോ ചെയ്യും. എയര്‍പോര്‍ട്ട് ടാക്‌സിന് മൂല്യവര്‍ധിത നികുതിയും ബാധകമായിരിക്കും.
ജിദ്ദഅല്‍ഖസീം റൂട്ടില്‍ ടിക്കറ്റ് നിരക്ക് 400 റിയാലാണെങ്കില്‍ ജിദ്ദ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിനും അല്‍ഖസീം വിമാനത്താവളം ഉപയോഗിക്കുന്നതിനും പത്തു റിയാല്‍ വീതം ടാക്‌സ് നല്‍കേണ്ടിവരും. കൂടാതെ 21 റിയാല്‍ വാറ്റും നല്‍കേണ്ടിവരും. ഇതുപ്രകാരം ജിദ്ദഅല്‍ഖസീം റൂട്ടില്‍ ടിക്കറ്റ് നിരക്ക് 441 റിയാലാകും. അബഹജിദ്ദഅല്‍ഖസീം റൂട്ടില്‍ 800 റിയാല്‍ നിരക്കുള്ള ടിക്കറ്റില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍പോര്‍ട്ട് ടാക്‌സ് ആയി 40 റിയാല്‍ നല്‍കേണ്ടിവരും. ഈ റൂട്ടില്‍ ഇടത്താവളമായ ജിദ്ദ എയര്‍പോര്‍ട്ടിനെ ഒരേസമയം അറൈവല്‍, ഡിപ്പാര്‍ച്ചര്‍ വിമാനത്താവളമായി കണക്കിലെടുത്താണിത്. മൂല്യവര്‍ധിത നികുതിയായ 42 റിയാലും എയര്‍പോര്‍ട്ട് ടാക്‌സ് ആയ 40 റിയാലും അടക്കം ഈ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ 882 റിയാല്‍ നല്‍കേണ്ടിവരും.
ഹായില്‍ ജിദ്ദലണ്ടന്‍ അന്താരാഷ്ട്ര സര്‍വീസില്‍ ജിദ്ദ വഴി ട്രാന്‍സിറ്റായി യാത്ര ചെയ്യുന്നവര്‍ ഹായില്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിന് പത്തു റിയാലും ജിദ്ദ എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നതിന് പത്തു റിയാലും നല്‍കണം. കൂടാതെ ലണ്ടനിലേക്കുള്ള അന്താരാഷ്ട്ര സര്‍വീസില്‍ യാത്ര തിരിക്കുന്നതിന് എയര്‍പോര്‍ട്ട് ടാക്‌സ് ആയി 87 റിയാലും നല്‍കേണ്ടിവരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."