മൂന്നു ദിവസം മഴ കനക്കും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ പെയ്യും. തുടര്‍ന്ന് രണ്ട് ദിവസം മലബാര്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കുമെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മണിക്കൂറില്‍ 45- 55 കിലോമീറ്ററില്‍ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.
കാലവര്‍ഷം ശക്തമായതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്താഴിലാളികളും മലയോര പ്രദേശങ്ങളില്‍ ഉള്ളവരും ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. തൊടുപുഴയാറിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
ഹൈറേഞ്ചിലേക്ക് പോകുന്ന സഞ്ചാരികള്‍ നദികളുടെയും അരുവികളുടെയും സമീപത്ത് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടടി ഉയര്‍ന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തേക്കടിയിലെ ബോട്ടിങ് പുനരാരംഭിച്ചു. മഴ ശക്തമായ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നു പൊലിസ് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."