പി.വി അന്‍വര്‍ എം.എല്‍.എയുടെ തടയണക്കെതിരായ പരാതിക്കാരന് സായുധ പൊലിസ് സംരക്ഷണം
നിലമ്പൂര്‍: പി.വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണക്കെതിരായ പരാതിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം.പി വിനോദിനും കുടുംബത്തിനും ഹൈക്കോടതി ഉത്തരവ് പ്രകാരം സായുധപൊലിസ് സംരക്ഷണം അനുവദിച്ചു.
വിനോദിനെ വെട്ടിക്കൊലപ്പെടുത്താന്‍ എം.എല്‍.എ ക്വട്ടേഷന്‍ നല്‍കിയെന്ന ക്രിമിനല്‍കേസ് പ്രതിയുടെ ഓഡിയോ സംഭാഷണമടങ്ങിയ പരാതിയും കക്കാടംപൊയിലില്‍ വച്ച് സാംസ്‌ക്കാരിക അന്വേഷണ യാത്രയിലെ അംഗമായ വിനോദിന് നേരെയുണ്ടായ അക്രമവും കണക്കിലെടുത്താണ് പരാതിക്കാരനും കുടുംബത്തിനും സ്വത്തുവകകള്‍ക്കും പൊലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സംബന്ധിച്ച് ഇക്കഴിഞ്ഞ അഞ്ചിന് വിനോദ് നിലമ്പൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു തൊട്ടടുത്ത ദിവസമാണ് കക്കാടംപൊയിയിലെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ കാണാനെത്തിയ എം.എന്‍ കാരശ്ശേരിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക അന്വേഷണയാത്രയില്‍ അംഗമായ വിനോദിന് നേരെ ആക്രമണമുണ്ടായത്.
അന്‍വറിന്റെ തടയണപൊളിക്കാന്‍ കേസ് കൊടുത്തവനെ വിടരുതെന്ന് പറഞ്ഞായിരുന്നു ആക്രമണം. മര്‍ദിക്കുകയും മൊബൈല്‍ ഫോണും രേഖകളും തട്ടിയെടുക്കുകയും ചെയ്തു. പി.വി അന്‍വര്‍ എം.എല്‍.എയുടെ അനധികൃത തടയണക്കെതിരെ വാര്‍ത്ത നല്‍കിയതിന് കൈയ്യുംകാലും വെട്ടുമെന്ന് 2017ല്‍ അന്‍വറിന്റെ പാര്‍ക്ക് മാനേജര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം പൊലിസ് കേസെടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് തടയണക്കെതിരെ വിനോദ് മലപ്പുറം കളക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ കളക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ ഉത്തരവിട്ടു.
തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്ന് അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫിന്റെ ഹരജിയില്‍ ഹൈക്കോടതി കളക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഈ കേസില്‍ വിനോദ് കക്ഷിചേര്‍ന്നതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടയണപൊളിച്ച് വെള്ളം പൂര്‍ണമായും തുറന്നുവിടാന്‍ ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."