ലഘുലേഖ പിടിച്ചതുകൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല, പൊലിസിനെ വിമര്‍ശിച്ച് യു.എ.പി.എ സമിതി അധ്യക്ഷന്‍
കോഴിക്കോട്: ലഘുലേഖ പിടിച്ചതുകൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവുകയില്ലെന്ന് യു.എ.പി.എ സമിതി അധ്യക്ഷന്‍ റിട്ട.ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍. മാവോയിസ്‌റ്റെന്നാരോപിച്ച് വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലഘുലേഖ പിടിച്ചത് കൊണ്ട് മാത്രം ഒരാള്‍ മാവോയിസ്റ്റ് ആവില്ല, വ്യക്തമായ തെളിവ് വേണം. സംഘടനയില്‍ അംഗമായിരുന്നു എന്ന് തെളിയിക്കണം. യു.എ.പി.എ ചുമത്തിയ കേസുകളില്‍ ഭൂരിഭാഗം കേസുകളിലും തെളിവില്ല. പന്തീരാങ്കാവ് കേസില്‍ തെളിവുണ്ടെങ്കില്‍ മാത്രമേ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളെന്നും അദ്ദേഹം പറഞ്ഞു.
യു.എ.പി.എ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുന്നതിനും അവലോകനം നടത്തുന്നതിനുമായി കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് റിട്ട. ഹൈക്കോടതി ജഡ്ജി പി.എസ് ഗോപിനാഥന്‍ അധ്യക്ഷനായി സമിതിയെ നിയമിച്ചത്. നിയമ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തരസുരക്ഷാ വിഭാഗം ഐ.ജി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയുടെ ശുപാര്‍ശപ്രകാരം മാത്രമേ യു.എ.പി.എ കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയുള്ളൂ.13 കേസുകളാണ് ഈ സമിതിക്ക് മുന്‍പേ ഇത് വരെ വന്നത്. അതില്‍ ഏഴോളം കേസുകളില്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയില്ല.
വിദ്യാര്‍ഥികള്‍ നഗര മവോയിസ്റ്റുകളാണെന്നാണ് പൊലിസ് ഭാഷ്യം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലിസ് ആരോപിച്ചിരുന്നു.
അതേസമയം, പൊലിസ് നടപടിക്കെതിരെ സി.പി.എം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ലഘുലേഖയോ നോട്ടിസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തേണ്ട കുറ്റമല്ലെന്നും പൊലിസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടിരുന്നു. അലന് നിയമസഹായം നല്‍കാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."