'പരിസ്ഥിതി ആഘാതപഠനം നടത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം'
കല്‍പ്പറ്റ: സുപ്രിം കോടതി വിധി പ്രകാരമുള്ള പരിസ്ഥിതി ആഘാതപഠനം നടത്താതെ ജില്ലയില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള നീക്കം ജില്ലാ പരിസ്ഥിതി ആഘാത പഠനസമിതി ഉപേക്ഷിക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും കാലവര്‍ഷത്തിനിടെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ മലകളിലടക്കം ക്വാറികള്‍ക്ക് അനുമതി നല്‍കാനുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ ചരടുവലിക്ക് പരിസ്ഥിതി ആഘാത പഠനസമിതി വഴിപ്പെട്ടതായി സൂചനയുണ്ട്. തുറക്കാന്‍ ശ്രമിക്കുന്ന ക്വാറികള്‍ക്ക് സമീപം താമസിക്കുന്നവരുടെയും പരിസ്ഥിതി സംഘടനകളുടെയും പരാതികളെ പരിസ്ഥിതി ആഘാത പഠന സമിതി അവഗണിക്കുകയാണ്. പഠനം നടത്തിയെന്ന് പ്രദേശവാസികളെയടക്കം ബോധ്യപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തയാറാകുന്നില്ല.
ക്വാറികള്‍ തുറക്കുന്നതില്‍ ചില രാഷ്ട്രീയ കക്ഷികളും ജില്ലാ ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. മാണ്ടാട് അടക്കം പ്രദേശങ്ങളിലെ ക്വാറികള്‍ക്കു അനുമതി നല്‍കരുതെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരിക്കെയാണ് ക്വാറികള്‍ക്ക് 15 വര്‍ഷം പ്രവര്‍ത്തനാനുമതി നല്‍കാനുള്ള നീക്കം നടത്തുന്നത്. ഇത് ജില്ലയെ സര്‍വനാശത്തിലേക്കു നയിക്കും. അനുമതി നല്‍കുന്നതിനു മുന്നോടിയായി ക്വാറികള്‍ക്ക് 50 മീറ്റര്‍ പരിധിയിലുള്ള വീടുകളുടെ വിവരശേഖരണമാണ് പരിസ്ഥിതി ആഘാത പഠന സമിതി ഇതിനകം നടത്തിയയെന്നു യോഗം കുറ്റപ്പെടുത്തി. പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് പരസ്യപ്പെടുത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനെ സുപ്രിം കോടതിയിലും ഹരിത ട്രൈബ്യൂണലിലും ചോദ്യം ചെയ്യാനും യോഗം തീരുമാനിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍ അധ്യക്ഷനായി. എന്‍. ബാദുഷ, എല്‍ദോ മാങ്ങാട്, എം. ഗംഗാധരന്‍, ബാബു മൈലമ്പാടി, രാമകൃഷ്ണന്‍ തച്ചമ്പത്ത്, പി.എം സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."