HOME
DETAILS
MAL
ഡല്‍ഹിയില്‍ സ്ഥിതി അതീവ ഗുരുതരം; വായുമലിനീകരണം സൂചികയില്‍ 600 പിന്നിട്ടു, ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടി ജനങ്ങള്‍
backup
November 03 2019 | 14:11 PM
ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്റെ തോത് ഗുരുതരമായ സാഹചര്യത്തിലേക്ക് ഉയര്‍ന്ന ന്യൂഡല്‍ഹിയില്‍ സ്ഥിതി അതീവ സങ്കീര്‍ണമായി തുടരുന്നു. മലിനീകരണ സൂചികയില്‍ മലിനീകരണത്തിന്റെ തോത് 600 പിന്നിട്ടതോടെ ജനങ്ങള്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.
റോഡ്, ആകാശ മാര്‍ഗങ്ങളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിക്കുന്ന തരത്തില്‍ പുകമഞ്ഞ് സംസ്ഥാനത്തെയാകെ മൂടിയിരിക്കുകയാണ്. ഡല്‍ഹി വഴിയുള്ള 37 വിമാനങ്ങളാണ് വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്. കൈകാര്യം ചെയ്യാനാവുന്നതിലും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ഇന്നലെ വരെ വായു മലിനീകരണത്തിന്റെ തോത് 405 ആയിരുന്നെങ്കില്‍ അത് 625 ആയി ഉയര്‍ന്നിരിക്കുകയാണ്.
വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. സമീപ സംസ്ഥാനങ്ങളായ പഞ്ചാബും ഹരിയാനയും കടുത്ത ജാഗ്രതയിലാണ്. കര്‍ഷകര്‍ വിളവെടുപ്പിന് ശേഷമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ദീപാവലിക്ക് വന്‍തോതില്‍ പഠക്കങ്ങള്‍ ഉപയോഗിച്ചതുമാണ് വായുമലിനീകരണം ക്രമാതീതമായി ഉയരാന്‍ കാരണമായി കണക്കാക്കുന്നത്. ഒറ്റ സംഘ്യയില്‍ നമ്പറുള്ള വാഹനങ്ങള്‍ക്കും മറ്റും നിയന്ത്രണമേര്‍പ്പെടുത്തിയ നേരത്തേയുള്ള ഗതാഗത നിയന്ത്രണ പരിപാടിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിനോട് വായുമലിനീകരണം ബാധിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."