സൗരോര്‍ജ്ജ പദ്ധതി ഉദ്ഘാടനം 26ന്
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ സൗരോര്‍ജ്ജ പദ്ധതിയുടെയും നാടന്‍ കലാരൂപങ്ങളുടെയും കലാസമൃദ്ധിയുടെയും ഉദ്ഘാടനം 26ന് വൈകിട്ട് മൂന്നിന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനാകും.
അനെര്‍ട്ടിന്റെ സഹകരണത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പൂര്‍ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ശിങ്കാരി മേളം, ചരട് പിന്നിക്കളി, കമ്പടവ് കളി എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെയും വാദ്യോപകരണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഭിന്നശേഷിക്കാരുടെയും അരങ്ങേറ്റം ചടങ്ങില്‍ നടക്കും.
ബ്ലോക്ക് പഞ്ചായത്തിന്റെ മികവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കുമുള്ള പരിശീലനം നല്‍കിയത്. ശിങ്കാരിമേളം ടീമില്‍ മുപ്പത്തിയൊന്ന് വനിതകളും ചരട് പിന്നിക്കളി ടീമില്‍ പതിനൊന്ന് വനിതകളും കമ്പടവ് കളി ടീമില്‍ പന്ത്രണ്ട് പുരുഷന്മാരുമാണുള്ളത്.
കലാ രംഗത്ത് മികവ് തെളിയിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഫെല്ലോഷിപ്പിന് അര്‍ഹരായ പതിനൊന്ന് കലാകാരന്മാര്‍ നയിക്കുന്ന ടീമാണ് കലാസമൃദ്ധി. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.
അഭിമാനത്തിന്റെയും സംതൃപ്തിയുടെയും മൂന്നു വര്‍ഷക്കാലമാണ് പിന്നിട്ടതെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അറിയിച്ചു. കഴിഞ്ഞ മുപ്പത്തിയാറ് മാസക്കാലമായി 40 പുതിയ പദ്ധതികള്‍ നടപ്പിലാക്കിയതിലൂടെ വിവിധ ദേശീയസംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കാനും ബ്ലോക്കിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തും.
എം.എല്‍.എ മാരായ ഡി.കെ മുരളി, കെ.എസ് ശബരീനാഥന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."