ആചാരങ്ങളല്ല മൂല്യങ്ങളാണ് മതങ്ങള്‍: കെമാല്‍ പാഷ
വെമ്പായം: ആചാരങ്ങളല്ല മൂല്യങ്ങളാണ് മതങ്ങളെന്ന് റിട്ട. ഹൈകോടതി ജസ്റ്റിസ് ബി. കെമാല്‍ പാഷ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ ആചാരമായി മാറുകയായണെങ്കില്‍ അത് മതമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഐക്യവേദി വെമ്പായം മേഖല സംഘടിപ്പിച്ച മിലാദ് സംഗമത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതഗ്രന്ഥങ്ങളുടെയും സത്താണ് ഇന്ത്യന്‍ ഭരണഘടന. മതം ഒരാളുടെ സ്വകാര്യതയാണ്. ജീവിതം തന്നെ ഒരു താരതമ്യപഠനമാണ്. അതിനാല്‍ എല്ലാ മതങ്ങളെയും പഠിക്കാന്‍ ശ്രമിക്കണം. പ്രളയസമയത്ത് ഉണ്ടായിരുന്ന മത സാഹോദര്യം വെള്ളത്തിനൊടൊപ്പം ഒലിച്ചുപോകുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നതെന്നും കമാല്‍ പാഷ പറഞ്ഞു.
ലക്ഷകണക്കിന് ആളുകള്‍ പട്ടിണികിടക്കുന്ന രാജ്യത്ത് കോടികള്‍ ചെലവിട്ട് പ്രതിമകള്‍ നിര്‍മ്മിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. വികസനത്തെപ്പറ്റി പറയുമ്പോള്‍ ചിലര്‍ വിഭജനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ശരണം വിളികള്‍ റോഡിലും എയര്‍പോര്‍ട്ടിലുമെല്ലാം മുഴക്കുന്നത് ശരിയല്ല. അത് വിശ്വാസമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മുന്‍ ഡി.ജി.പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.
ജമാ അത്ത് എക്യവേദി വെമ്പായം മേഖല ചെയര്‍മാന്‍ അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ എം. മുസ്തഫ സ്വാഗതവും കണ്‍വീനര്‍ എ. അബ്ദുള്‍ കരിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."