ബോണക്കാട് എസ്റ്റേറ്റ് തുറക്കും; പ്രൊപ്പോസല്‍ ഡിസംബര്‍ 20നുള്ളില്‍ നല്‍കണം
തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റ് തുറക്കുന്നതു സംബന്ധിച്ച പ്രൊപ്പോസല്‍ ഡിസംബര്‍ 20നുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ തോട്ടം ഡയറക്ടര്‍ ലാലു ജെ. ബെന്‍സാലിയോട് നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നതു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി സര്‍ക്കാര്‍ തോട്ടം മേഖലയില്‍ ഉടമകള്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ സീനിയറേജ് ഒഴിവാക്കിയതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലാന്‍ഡ് റിഫോംസ് ആക്റ്റിന്റെ അടിസ്ഥാനത്തിലാണ് തോട്ടം കൈവശം വയ്ക്കാന്‍ ഉടമയ്ക്ക് കഴിയുന്നത്. തോട്ടം അങ്ങിനെതന്നെ നിലനിര്‍ത്തണമെന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഈ സാഹചര്യത്തില്‍ തോട്ടം ഉടമയും തൊഴിലാളി സംഘടനകളും തോട്ടം തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
തോട്ടത്തിലെ 250 തൊഴിലാളികളുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. നിയമപരമായി കാര്യങ്ങള്‍ എത്രത്തോളം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുമെന്ന് പരിശോധിക്കണം. ഗ്രാറ്റുവിറ്റി നല്‍കേണ്ടവര്‍ക്ക് അത് നിയമാനുസൃതം നല്‍കണം. തൊഴിലാളി യൂനിയനുകള്‍ യോഗം ചേര്‍ന്ന് തോട്ടം തുറക്കുമ്പോള്‍ ലഭിക്കേണ്ട കൂലി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡിസംബര്‍ 20ന് മുന്‍പ് പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ലയങ്ങളിലെ താമസ സൗകര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫിസര്‍(ജനറല്‍) എന്നിവരെ യോഗം ചുമതലപ്പെടുത്തി. യോഗത്തില്‍ കെ.എസ് ശബരിനാഥ് എം.എല്‍.എ, ലേബര്‍ കമ്മിഷണര്‍ എ. അലക്‌സാണ്ടര്‍, അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ എസ്. തുളസീധരന്‍, ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ്, ജില്ലാ ലേബര്‍ ഓഫിസര്‍, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."