കോടംതുരുത്തില്‍ അവിശ്വാസത്തിന് നോട്ടിസ്
തുറവൂര്‍: കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ള കോടംതുരുത്ത് ഗ്രാമപഞ്ചായത്തില്‍ സി.പി.എം അവിശ്വാസ പ്രമേയത്തിന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നല്കി. 15 അംഗങ്ങളില്‍ കോണ്‍ഗ്രസ് ഏഴും സി.പി.എം അഞ്ചും എല്‍.ഡി.എഫ് സ്വതന്ത്രന് ഒന്നും ബി.ജെ.പി രണ്ടും എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുള്ളതിനാല്‍ ആണ് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയതെന്ന് സി.പി.എം പറയുന്നത്. പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങള്ക്കിടയിലെ തര്‍ക്കം മുതലെടുക്കാനുള്ള സി.പി.എം നീക്കമാണ് ഇതിന് പിന്നിലെന്നു ആരോപണമുയരുന്നു. പ്രസിഡന്റിനും വൈസ് പ്രസിഡന്റും എതിരെയാണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്. മുന്‍ ധാരണപ്രകാരം കോണ്‍ഗ്രസിലെ സൂസന് സെബാസ്റ്റ്യന്‍ രണ്ടര വര്‍ഷവും ബാക്കി രണ്ടരവര്‍ഷം അംബികാബാബുവും പ്രസിഡന്റാകണമെന്നായിരുന്നു. ഇത് പാര്‍ട്ടി നേതൃത്വത്തിന് അറിവില്ലെന്ന് അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍ പറഞ്ഞു. അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ മൂന്ന് പഞ്ചായത്ത് അംഗങ്ങള്‍ സി.പി.എമ്മിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."