ഷാനവാസ്: നഷ്ടമായത് പ്രതിഭാധനനായ നേതാവിനെയെന്ന് വേണുഗോപാല്‍ എം.പി
ആലപ്പുഴ: അധികാരമില്ലാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ എന്നും ശ്രദ്ധാകേന്ദ്രമായിരുന്ന പ്രതിഭാധനായ നേതാവിനെയാണ് എം.ഐ ഷാനവാസിന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമായത്. യുവജനനേതാവായിരുന്ന കാലം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ ചലനങ്ങള്‍പോലും നിയന്ത്രിക്കാന്‍ കഴിഞ്ഞ വ്യക്തിപ്രഭാവം എം.ഐ ഷാനവാസിനെ വത്യസ്തനാക്കിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അനുസ്മരിച്ചു. നിര്‍ഭയമായി നിലപാടുകള്‍ പറയാനും പ്രാവര്‍ത്തികമാക്കാനും ഒരിക്കലും മടിച്ചില്ല എന്നതുകൊണ്ടുതന്നെ പാര്‍ട്ടിയില്‍ തന്റെതായൊരിടം എന്നും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടപെടുന്നവര്‍ക്കൊക്കെ പുതിയ ഉന്മേഷവും ഊര്‍ജവും പകര്‍ന്നുനല്‍കിയ ഷാനവാസ് തലമുറകള്‍ക്കതീതമായ ബന്ധങ്ങളും സമൂഹത്തിന്റെ പലതലങ്ങളില്‍ കാത്തുസൂക്ഷിച്ചു.
ഉപചാരവാക്കുകള്‍ കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമാണ് ഈ വേര്‍പാട്. ഒരുദിവസമെങ്കിലും അടുത്തിടപെട്ട ഒരാള്‍ക്കുപോലും ഒരിക്കലും മറക്കാന്‍ കഴിയാത്തത്ര ഊഷ്മളവും പ്രസരിപ്പുമാര്‍ന്ന ആ സ്‌നേഹ സാമീപ്യം ഇനിയില്ല എന്ന സത്യം ഉള്‍കൊള്ളാവുന്നതിനുമപ്പുറമാണ്. കോണ്‍ഗ്രസായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവവായു. രാഷ്ട്രീയമായിരുന്നു എന്നും മുന്നോട്ടുപോകാനുള്ള ഊര്‍ജം. പൊതുജീവിതത്തില്‍ നേട്ടങ്ങളെ മാത്രം നോക്കാതെ നിസ്വാര്‍ഥമായി ജനങ്ങളെയും പ്രസ്ഥാനത്തെയും സേവിച്ചതിനു അദ്ദേഹത്തിന് 2009ല്‍ ലഭിച്ച ജനവിധി സര്‍വകാല റെക്കാര്‍ഡുകളെയും ഭേദിക്കുന്നതായിരുന്നു.
രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച ശക്തമായ നിലപാടുകള്‍ എന്നും പൊതു നന്മയ്ക്കു വേണ്ടിയുള്ളതായിരുന്നു. അത് ജനപ്രതിനിധി എന്ന നിലയില്‍ ആ വ്യക്തിത്വത്തിനു മാറ്റുകൂട്ടി. എം.പി മാരായി ഞങ്ങള്‍ രണ്ടുപേരും ഡല്‍ഹിക്കു പോകുന്നത് ഒരേ വര്‍ഷമാണ്.
ഗൗരവമേറിയ ദേശിയ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസിന്റെ ജനപക്ഷ നിലപാടുകള്‍ വളരെ വ്യക്തവും പൊതുസ്വീകാര്യത നേടുന്നതരത്തിലും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് കക്ഷിരാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. ഒന്‍പതു വര്‍ഷം കൊണ്ട് പകരംവയ്ക്കാനില്ലാത്ത പ്രഗത്ഭനായ ഒരു പാര്‍ലമെന്റേറിയന്‍ എന്ന ഖ്യാതി നേടിയാണ് എം.ഐ കാലയവനികയ്ക്കു പിന്നില്‍ മറയുന്നത്. കോണ്‍ഗ്രസിന് മാത്രമല്ല, കേരളത്തിന്റെ പൊതുസമൂഹത്തിനു തന്നെ എം.ഐ ഷാനവാസ് എന്ന നേതാവ് ഒരു സ്വത്തായിരുന്നുവെന്ന് എം.പി അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."