ബിയ്യം കായലില്‍നിന്ന് ഉപ്പുവെള്ളം കയറി; തെയ്യങ്ങാട്ട് കുടിവെള്ളം മുടങ്ങി
പൊന്നാനി: ബിയ്യം കായലില്‍നിന്നുള്ള ഉപ്പുവെള്ളം കയറി തെയ്യങ്ങാട് മേഖലയിലെ കുടിവെള്ളം മുടങ്ങി. ഇതോടെ നിരവധി കൃഷിയിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
ബിയ്യം കായലില്‍നിന്ന് അഞ്ചുണ്ണി പാലം വരെ നീളുന്ന നീലംതോടിലൂടെയാണ് ഉപ്പുവെള്ളം കയറുന്നത്. കഴിഞ്ഞ ഒരു മാസമായി ഇത്തരത്തില്‍ തോടിലൂടെയെത്തുന്ന വെള്ളം കിണറുകളിലും മറ്റു ജലാശയങ്ങളിലും പടര്‍ന്നതിനെത്തുടര്‍ന്നാണ് മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
കൂടാതെ നീലംതോടില്‍നിന്ന് വെള്ളമുപയോഗിച്ച് കൃഷിയിറക്കിയവരുടെ കൃഷിയിടങ്ങള്‍ക്കും വലിയ തോതില്‍ നാശനഷ്ടം സംഭവിച്ചു. സബ് സ്‌റ്റേഷനു സമീപത്തെ മുക്കട്ടക്കല്‍ പാലത്തിനടുത്തായുള്ള തടയണയുടെ പലക ഉപയോഗിച്ചുള്ള ഷട്ടറുകള്‍ തകര്‍ന്നതാണ് കായലില്‍ നിന്ന് ഉപ്പുവെള്ളം കയറാനിടയാക്കുന്നത്.
ഈഴുവത്തിരുത്തി പഞ്ചായത്തുണ്ടായിരുന്ന കാലത്ത് നിര്‍മിച്ച തടയണയാണിത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ തടയണയിലെ ഷട്ടറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും ഇത് പുനര്‍നിര്‍മിക്കാന്‍ നഗരസഭ അധികൃതര്‍ തയാറായില്ലെന്നാണ് പരാതി.
വേനലെത്തുമ്പോള്‍ ചാക്കുകളില്‍ മണല്‍ നിറച്ച് ഷട്ടറിനിരുവശവും ഇട്ടാണ് ഉപ്പുവെള്ളം കയറുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ പ്രളയത്തില്‍ ചാക്കുകള്‍ ഭൂരിഭാഗവും ഒലിച്ചു പോയിരുന്നു. ഇതോടെ വേലിയേറ്റ സമയത്ത് കായലില്‍ നിന്നും ഉപ്പുവെള്ളം നീലംതോട് വഴി എത്തുകയാണ്. സ്ഥിരം തടയണ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പല തവണ പരാതി നല്‍കിയിട്ടും ഫലമില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉപ്പുവെള്ളം കയറുന്നത് തടയാന്‍ അടിയന്തിരമായി നഗരസഭ ഇടപെട്ടില്ലെങ്കില്‍ ആയിരങ്ങള്‍ ഉപ്പു ജലം കുടിക്കേണ്ടി വരികയും മേഖലയിലെ കൃഷി പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."