ആന്‍ഡമാനില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വീണ്ടെടുക്കാന്‍ ടി.എന്‍ പണ്ഡിറ്റ്: തേങ്ങയും ഇരുമ്പും കൊടുത്താല്‍ അനുനയിപ്പിക്കാമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി: ആന്‍ഡമാനില്‍ ആദിമ നിവാസികളുടെ അമ്പേറ്റ് കൊല്ലപ്പെട്ട യു.എസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമം തുടരുന്നു. ഗോത്ര വര്‍ഗക്കാരെ അനുനയിപ്പിച്ച് കാര്യം സാധിക്കാനാണ് തീരുമാനം. ഇതിനായി നരവംശശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റിനെ സമീപിച്ചിരിക്കുകയാണ് അധികൃതര്‍. തേങ്ങ, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ദ്വീപിലെ ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കാര്യം ഏറെ ജാഗ്രത വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
86 കാരനായ ടി.എന്‍ പണ്ഡിറ്റ് 1966ലും 1991ലും ആന്‍ഡാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുണ്ട്. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹം സാഹസം കാണിച്ചത്. ''ഉച്ചയ്‌ക്കോ വൈകുന്നേരമോ ചെറിയൊരു സംഘം തീരത്തേക്ക് പോവുക. അപ്പോള്‍ കൂടുതല്‍ ഗോത്രവര്‍ഗക്കാര്‍ തീരത്ത് ഉണ്ടാവില്ല. ആ സമയം അവര്‍ക്ക് തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കണം. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം. അപ്പോള്‍ അവര്‍ മൃതദേഹം എടുക്കാന്‍ നമ്മളെ അനുവദിക്കും. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും''- പണ്ഡിറ്റ് പറഞ്ഞു.
ഈ ആദിവാസിവിഭാഗത്തെ മിക്കവരും ശത്രുക്കളായാണ് കാണുന്നത്. അത് തെറ്റായ രീതിയാണ്. നമ്മളാണ് കൈയേറ്റക്കാര്‍. അവരുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ അവര്‍ അവരുടെ രക്ഷ നോക്കുകയാണ് ചെയ്യുന്നത്. ആദ്യം ഒരു തവണ അവര്‍ അമ്പെയ്തപ്പോള്‍ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികള്‍ക്ക് പണം നല്‍കി അവരുടെ സഹായത്തോടെയാണ് ചൗ തന്റെ ചെറു തോണിയുമായി ദ്വീപിലെത്തിയത്. തോണി തുഴഞ്ഞ് ദ്വീപിലെത്തിയതോടെ ചൗവിന് നേരെ ദ്വീപിലെ ഗോത്ര വര്‍ഗക്കാര്‍ അമ്പെയ്‌തെങ്കിലും ദേഹത്ത് കൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. അന്നു രാത്രി ബോട്ടില്‍ കഴിച്ചു കൂട്ടുകയായിരുന്നു ചൗ. തൊട്ടടുത്ത ദിവസം വീണ്ടും ദ്വീപിലേക്കു തിരിച്ചെങ്കിലും കടല്‍തീരത്തു കൂടി ദ്വീപിലെ ആദിവാസികള്‍ യുവാവിന്റെ മൃതദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നതാണ് പിന്നീട് തങ്ങള്‍ കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
അതേസമയം, ജോണ്‍ അല്ലന്‍ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങള്‍ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
സാഹസികനും കൃസ്ത്യന്‍ മിഷനറി പ്രവര്‍ത്തകനുമായിരുന്നു ജോണ്‍ അല്ലന്‍ ചൗ. ഇന്ത്യയുടെ ഭാഗമായ ബംഗാള്‍ ഉള്‍ക്കടലിലുള്ള ആന്‍ഡമാന്‍ ദ്വീപിലെ ആദിമ ജനവിഭാഗങ്ങള്‍ക്കിടയിലേക്ക് മതപ്രബോധന ആവശ്യാര്‍ത്ഥം ഇറങ്ങി തിരിച്ചതായിരുന്നു ജോണ്‍ ചൗ. എന്നാല്‍ നൂറ്റാണ്ടുകളായി പുറം ലോകവുമായി ബന്ധമില്ലാതെ തനത് ജീവിത രീതികളുമായി കഴിയുന്ന ആന്‍ഡമാനിലെ ആദിമ നിവാസികള്‍, പുറമെ നിന്ന് അവരുടെ ഇടങ്ങളിലേക്ക് കടന്ന് കയറുന്നവരേ തുരത്തിയോടിക്കുകയാണ് ചെയ്യാറ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."