മഴ; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം
കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. മിത്ര റ്റി. ജാഗ്രതാ നിര്‍ദേശം നല്കി. അടിയന്തര സാഹചര്യം നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.
ആവശ്യമുള്ള മേഖലകളിലെല്ലാം ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കുന്നതിന് തഹസില്‍ദാര്‍മാരും വില്ലേജ് ഓഫിസര്‍മാരും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് പൊലിസ് നിയന്ത്രണം ഏര്‍പ്പെടുത്തണം.
ബീച്ചുകളില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങാതിരിക്കുന്നതിന് ഡി.ടി.പി.സി മുന്‍കരുതല്‍ സ്വീകരിക്കണം. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടുകളിലും മഴസമയത്ത് ആളുകള്‍ ഇറങ്ങുന്നതും മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഒഴിവാക്കണം.
മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം മേഖലകളില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കരുതെന്ന് പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ ആശുപത്രികളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും അടിയന്തരഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും ഫീല്‍ഡ് ജീവനക്കാരുടെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പുരുത്തണം. അപകടസാധ്യത ഒഴിവാകുന്നതുവരെ വില്ലേജ് ഓഫിസര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായി തഹസില്‍ദാര്‍മാര്‍ ക്വാറികളില്‍ പാറ ഖനം നിരോധിക്കണം. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്ട്രോള് റൂമിനു പുറമെ താലൂക്ക് തലത്തില്‍ 24 മണിക്കൂറും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതല കണ്ട്രോള് റൂമിന്റെ ഫോണ്‍ നമ്പര്‍2794002. ടോള്‍ഫ്രീ നമ്പര്‍1077.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."