ഫാമില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ ശ്രമം തുടങ്ങി
ഇരിട്ടി: ആറളം ഫാമിലെ പുനരധിവാസ മേഖലയിലും കാര്‍ഷിക മേഖലയിലും തമ്പടിച്ച് ഭീതിയും നാശവും വിതക്കുന്ന കാട്ടാനകളെ തുരത്താനുള്ള ശ്രമം വനംവകുപ്പ് അധികൃതര്‍ ആരംഭിച്ചു. ആറളം, കൊട്ടിയൂര്‍ റെയിഞ്ചിന്റെയും റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും അന്‍പതോളം വരുന്ന സംഘമാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ആനക്കൂട്ടം ഫാമിലെ ആറാംബ്ലോക്കില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനപാലക സംഘം ഇന്നലെ ഈ മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. നിറയെ കാട്ടുപൊന്തകള്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ ആനകളെ തിരയല്‍ ഏറെ സാഹസികമാണ്. ഇവിടുത്തെ കൈതച്ചക്ക കൃഷി വ്യാപകമായി നശിപ്പിച്ച നിലയിലാണ്. ആനകള്‍ ഇവിടങ്ങളില്‍ കുറച്ചു കാലമായി തമ്പടിച്ചതായാണ് നിഗമനം. രണ്ടാഴ്ച മുന്‍പ് ഇവിടെ ഒരുകുട്ടിയാന ചെരിഞ്ഞിരുന്നു. അന്നുവനപാലകര് നടത്തിയ നിരീക്ഷണത്തില്‍ പത്തിലേറെ ആനകള്‍ കുട്ടിയാനക്ക് ചുറ്റുമായി എത്തയതായി കണ്ടെത്തിയിരുന്നത്.
എന്നാല്‍ പ്രദേശത്ത് വളര്‍ന്നു നില്ക്കുന്ന പൊന്തക്കാടുകളാണ് പ്രയാസം സൃഷ്ടിക്കുന്നത്. അതേസമയം ആനകള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നിട്ടുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഇവിടങ്ങളില്‍ പരിശോധന നടത്താന്‍ വനപാലകര്‍ക്കു സാധിച്ചിട്ടുമില്ല.
വനം മന്ത്രി കെ. രാജു നാളെ ഫാമില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് മുന്‍പേ ആനകളെ തുരത്തുക എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ട്.
ആറളം സെക്ഷന്‍ ഫോറസ്റ്റര്‍മാരായ രാജന്, ശശിധരന്, ആര്.ആര്.ടി ഡെപ്യൂട്ടി റെയിഞ്ചര്‍ വി.എസ് അരുണ്‍, ഫോറസ്റ്റര്‍ സി. അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെത്തുരത്താനുള്ള നടപടി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."