സി.പി.ഐ ഓഫിസ് ആക്രമണം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി
അന്തിക്കാട്: സി.പി.ഐ താന്ന്യം ലോക്കല്‍ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഓഫിസിന് നേരെ ആക്രമണമുണ്ടായത്. മുന്‍വാതില്‍ തകര്‍ത്ത് അകത്തു കയറിയ അക്രമികള്‍ ഓഫിസിലെ ടി.വി, അലമാര, മേശ, കസേരകള്‍ എന്നിവ അടിച്ചു തകര്‍ത്തു. ജനല്‍ ചില്ലകള്‍, ആദ്യകാല നേതാക്കളുടെ ചിത്രങ്ങള്‍ എന്നിവയും അടിച്ചു തകര്‍ത്ത നിലയിലാണ്.
ഓഫിസില്‍ സൂക്ഷിച്ചിരുന്ന പാര്‍ട്ടി ഫണ്ടായ 25,000 രുപ നഷ്ടപ്പെട്ടതായും സി.പി.ഐ നേതാക്കള്‍ പറഞ്ഞു. ഓഫിസിനുള്ളില്‍ നിന്ന് പെട്രോള്‍ നിറച്ച കുപ്പി പൊലിസ് കണ്ടെടുത്തു. ഓഫിസ് കത്തിക്കാനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച നടന്ന പെരിങ്ങോട്ടുകര ഗവ.ഐ.ടി.ഐ തെരഞ്ഞെടുപ്പില്‍ ചെയര്മാന് സ്ഥാനത്തേക്ക് എ.ഐ.എസ്.എഫ് സ്ഥാനാര്‍ഥി വിജയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സി.പി.ഐ, സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു.
ആഹ്ലാദ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എ.ഐ.എസ്.എഫ് ,എ.ഐ .വൈ .എഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. വൈകീട്ട് സി.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ ഓഫിസിന് നേരെയും കല്ലേറുണ്ടായി. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സി.പി.ഐ ഓഫിസ് ആക്രമണമുണ്ടായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് താന്ന്യം പഞ്ചായത്തില്‍ സി.പി.ഐ ഹര്‍ത്താല്‍ നടത്തി. ഐ.ടി.ഐ തിരഞ്ഞെടുപ്പില്‍ എ.ഐ.എസ്.എഫിന് ചെയര്മാന് സ്ഥാനം കിട്ടിയതില്‍ വിറളി പൂണ്ട ഡി.വൈ.എഫ്.ഐ ക്രിമിനലുകളായ ചില പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് ഓഫിസ് ആക്രമിച്ചതെന്ന് സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആര് മുരളീധരനും താന്ന്യം ലോക്കല്‍ സെക്രട്ടറി കെ.സി ബൈജുവും ആരോപിച്ചു.
കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ആവശ്യപ്പെട്ടു. അന്തിക്കാട് എസ്.എച്ച്.ഒ പി.കെ. മനോജ് കുമാര്‍, എസ്.ഐ. സൂരജ് എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. അന്വേഷണം ഊര്‍ജിതമാണെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അവര്‍ അറിയിച്ചു.
മന്ത്രി വി.എസ് സുനില്‍കുമാര്‍, സി.എന്‍.ജയദേവന് എം.പി, എം.എല്‍ എമാരായ ഗീതഗോപി ,കെ രാജന്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാള്, അസി.സെക്രട്ടറി ടി.ആര്.രമേഷ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."