ഡ്രൈവറെ തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു
ആറ്റിങ്ങല്‍: യാത്രക്കാരുമായി പോയ സ്വകാര്യബസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് തല്ലിത്തകര്‍ക്കുകയും ഡ്രൈവര്‍ അജേഷിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ നഗരൂര്‍ നെടുമ്പറമ്പ് നെയ്ത്തുശാല ജംങ്ഷന്‍ തോട്ടാചേരി വീട്ടില്‍ അപ്പുണ്ണി എന്ന ദീപുരാജി (29)നെ ആറ്റിങ്ങല്‍ പൊലിസ് അറസ്റ്റു ചെയ്തു.
നഗരൂര്‍ കല്ലമ്പലം റോഡില്‍ പുല്ലുവിള കാവിന് സമീപം ഞായറാഴ്ച വൈകിട്ട് 4.20 ഓടെയാണ് സംഭവം നടന്നത്.
ഇയാളോടൊപ്പം കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെന്നും അയാള്‍ ഒളിവിലാണെന്നും പൊലിസ് പറഞ്ഞു.
വര്‍ക്കല കല്ലമ്പലം നഗരൂര്‍ കിളിമാനൂര്‍ അടയമണ്‍ മടത്തറ റൂട്ടിലോടുന്ന ജനതാബസാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. നഗരൂരില്‍ നിന്ന് കല്ലമ്പലത്തിലേക്ക് പോയ ബസ് കാറിന് വഴികൊടുത്തില്ലെന്നാരോപിച്ചായിരുന്നു അക്രമം. കാര്‍ കുറുകെയിട്ട് ബസ് തടഞ്ഞ് ഡ്രൈവറെ റോഡില്‍ പിടിച്ചിറക്കി മര്‍ദിക്കുകയും ബസ് അടിച്ച് തകര്‍ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലിസെത്തിയപ്പോള്‍ പ്രതികള്‍ ഓടി മറയുകയായിരുന്നുവത്രേ.
ദീപുരാജ് മദ്യ ലഹരിയിലായിരുന്നു എന്ന് പൊലിസ് പറയുന്നു. ഇയാളുടെ പേരില്‍ സമാനമായ കേസുകള്‍ കിളിമാനൂര്‍ സ്റ്റേഷനില്‍ രണ്ടും ആറ്റിങ്ങലില്‍ മൂന്നും ഉണ്ട്. പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."