പൊലിസ്- അഭിഭാഷക സംഘര്‍ഷത്തില്‍ ഇടപെട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: തീസ്ഹസാരി ജില്ലാ കോടതിയില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി പൊലിസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഡല്‍ഹി ഹൈക്കോടതി വിശദീകരണം ആരാഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസയച്ചു. സംഘര്‍ഷത്തെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ സ്വമേധയാ ഹരജിയായി പരിഗണിച്ചാണ് കോടതിയുടെ നടപടി. സംഭവത്തില്‍ ഇന്ന് അടിയന്തരമായി വാദംകേള്‍ക്കാനും കോടതി തീരുമാനിച്ചു.
ഹൈക്കോടതിയിലെ മറ്റ് മുതിര്‍ന്ന ജഡ്ജിമാരുമായും ഡല്‍ഹി പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരുമായും ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാവും കേസ് പരിഗണിക്കുക. ഈ സമയം കോടതിയില്‍ ഹാജരാവാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ അഭിഭാഷകര്‍ തീസ്ഹസാരി കോടതിക്കു മുന്പില് അനിശ്ചിതകാല നിരാഹാരസമരവും തുടങ്ങി. അഭിഭാഷകരെ മര്‍ദിച്ച കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക, അവരെ സസ്പെന്‍ഡ് ചെയ്യുക, പരുക്കേറ്റ അഭിഭാഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ശനിയാഴ്ച ഉച്ചയോടെയാണ് കോടതി പരിസരത്ത് അഭിഭാഷകരും പൊലിസും ഏറ്റുമുട്ടിയത്. രണ്ട് അഭിഭാഷകര്‍ക്കു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."