ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15000 രൂപ തട്ടി യുവാവ് കടന്നു
ആറ്റിങ്ങല്‍: സിനിമയെ വെല്ലുന്ന അഭിനയം കാഴ്ച വച്ച് ആറ്റിങ്ങലിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15000 രൂപ കൈക്കലലാക്കി വിരുതന്‍ കടന്നു കളഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെ മുനിസിപ്പല്‍ ബസ് സ്റ്റാന്റിനകത്തെ ഷാജിയുടെ കടയിലാണ് തിരക്കഥയ്ക്ക് ആധാരമായ സംഭവം.
പൊലിസ് പറയുന്നതിങ്ങനെ, വന്ന ആള്‍ ഉടമയെ തിരക്കിയശേഷം പോക്കറ്റില്‍ നിന്ന് മൊബൈല്‍ ഫോണെടുത്ത് കടയുടമയെ വിളിക്കുകയാണെന്ന ഭാവത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
സംസാരമധ്യേ തനിക്ക് വേഗം പോകണമെന്നും പറഞ്ഞ പൈസ തരാമെന്ന ഉറപ്പിലാണ് താന്‍ കാത്തു നില്ക്കുന്നതെന്നും ഫോണിലൂടെ ജീവനക്കാരി കേള്‍ക്കെ പറഞ്ഞു. ജീവനക്കാരിയോട് പറഞ്ഞാല്‍ പണം ലഭിക്കുമോ എന്ന് ഫോണില്‍ പറഞ്ഞ ശേഷം പണം വാങ്ങിക്കൊള്ളാന്‍ ഉടമ പറഞ്ഞെന്ന മട്ടില്‍ സംഭാഷണം അവസാനിപ്പിച്ചു. എല്ലാം കേട്ടുകൊണ്ടിരുന്ന ജീവനക്കാരിക്ക് ആഗതന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒട്ടും സംശയം തോന്നിയില്ല. അയാള്‍ ആവശ്യപ്പെട്ട പണം തികയാത്തതിനാല്‍ തൊട്ടടുത്ത കടയില്‍ നിന്നും കടം വാങ്ങിയ തുക കൂടി ചേര്‍ത്ത് ഉടമയുടെ പരിചയക്കാരനെ സന്തോഷപൂര്‍വം പറഞ്ഞയച്ചു.
അതിനു ശേഷം ഉടമയെ വിളിച്ച് പണം നല്‍കിയ കാര്യം അറിയിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം ജീവനക്കാരിപോലും അറിയുന്നത്.
താന്‍ ആര്‍ക്കും പണം നല്കാമെന്ന് പറഞ്ഞിട്ടില്ലെന്നും അക്കാര്യം പറഞ്ഞ് ആരും തന്നെ വിളിച്ചിട്ടുമില്ലെന്നും ഉടമ അറിയിച്ചതോടെ ജീവനക്കാരി വെട്ടിലായി.
നഗരമധ്യത്തില്‍ പട്ടാപ്പകല്‍ നടന്ന ഈ വെട്ടിപ്പ് കേട്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് പൊതുജനം. ഈ വിരുതന്റെ മുഖം സി.സി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നതാണ് പൊലിസിന് ആകെയുള്ള ആശ്വാസം. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നതായി ആറ്റിങ്ങല്‍ സി.ഐ അനില്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."