സര്‍ക്കാറിനെതിരല്ല, സുപ്രിം കോടതിക്കെതിരാണ് ശബരിമലയിലെ അക്രമങ്ങള്‍- ഹൈക്കോടതിയില്‍ സത്യവാങ്മൂലം
കൊച്ചി: ശബരിമലയിലെ അക്രമങ്ങള്‍ സുപ്രിം കോടതി വിധിക്ക് എതിരെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ക്രിമിനലുകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ചിത്തിര ആട്ട സമയത്ത് പ്രശ്‌നം ഉണ്ടാക്കിയവര്‍ തന്നെ മണ്ഡലകാലത്തും എത്തിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. തെളിവായുള്ള ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
അക്രമങ്ങള്‍ സര്‍ക്കാറിന് എതിരെയല്ല. പൊലിസ് ശബരിമലയില്‍ പ്രകോപനം ഉണ്ടാക്കിയിട്ടില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങളില്ലെന്നും യഥാര്‍ഥ ഭക്തരെ ആക്രമിച്ചെന്ന് ഒരു പരാതിയുമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഭക്തര്‍ കിടക്കാതിരിക്കാനാണ് നടപ്പന്തലില്‍ വെളളമൊഴിച്ചതെന്ന ആരോപണം തെറ്റാണ്. നടപ്പന്തലില്‍ വെള്ളമൊഴിച്ച് കഴുകുന്ന പതിവ് നേരത്തെയും ഉണ്ട്. മുന്‍പ് വെള്ളമൊഴിച്ച് കഴുകിയതിന്റെ വീഡിയോ ദൃശ്യങ്ങളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
നടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കാത്തത് പ്രത്യേക സാഹചര്യം മൂലമാണ്. നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കി മാറ്റാനാവില്ല. ഇവിടെ പ്രശ്‌നമുണ്ടായാല്‍ എല്ലാ വഴികളും അടയും- സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമാണ് ബേസ് ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയത്. പ്രളയം മൂലം പമ്പയില്‍ വലിയ തകര്‍ച്ചയാണുണ്ടായത്. ക്യാമ്പ് നിലയ്ക്കലിലേക്ക് മാറ്റിയതും സുപ്രിം കോടതി വിധിയുമായി ബന്ധമില്ലെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."