ബാബരി മസ്ജിദ് വിധി പ്രഖ്യാപനം സംരക്ഷണം വേണമെന്ന് അയോധ്യയിലെ മുസ്‌ലിംകള്‍
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ രണ്ടാ ഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതി വിധി പറയാനിരിക്കെ തങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന് അയോധ്യയിലെ മുസ്‌ലിംകള്‍. പ്രദേശത്ത് കേന്ദ്ര അര്‍ധസൈനികവിഭാഗത്തെ വിന്യസിക്കണമെന്നാണ് അയോധ്യയിലെ മുസ്‌ലിംകളുടെ ആവശ്യം.
സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന കാര്യത്തില്‍ ജില്ലാ ഭരണകൂടത്തില്‍ തങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ട്.
അതിനൊപ്പം കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെകൂടി വിന്യസിക്കുന്നത് തങ്ങളുടെ സംരക്ഷണം കൂടുതല്‍ ഉറപ്പാക്കാനും ആത്മവിശ്വാസം വര്‍ധിക്കാനും കാരണമാവുമെന്നും മുസ്‌ലിം പ്രതിനിധിസംഘം അധികൃതരെ അറിയിച്ചു.
മുസ്‌ലിം കേന്ദ്രങ്ങളില്‍ പൊലിസ് അധികസൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ഇവിടങ്ങളില്‍ കേന്ദ്രസേനയെ അധികമായി ഉടന്‍ വിന്യസിക്കുമെന്നും അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദ് ജില്ലാ പൊലിസ് മേധാവി ആശിഷ് തിവാരി പറഞ്ഞു. ഭീതി വേണ്ടെന്ന് മുസ്‌ലിംകളോട് തങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അയോധ്യയിലെ ക്രമസമാധാനത്തിന് യാതൊരു ഭംഗവും വരില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് അനുജ് കുമാര്‍ ഝാ പറഞ്ഞു.
വിവാദ പ്രസ്താവനകളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് തന്റെ മന്ത്രിസഭാംഗങ്ങളോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെ അയോധ്യയിലും പരിസരത്തും തടിച്ചുകൂടിയ ലക്ഷക്കണക്കിന് വരുന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്തെ മുസ്‌ലിം വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ജില്ലാ അധികാരികളെ കണ്ട് സംരക്ഷണം ആവശ്യപ്പെട്ടത്.
അതേസമയം, കോടതിവിധി എന്തായാലും ആവേശം അതിരുകടക്കരുതെന്ന് അംഗങ്ങളോട് ആര്‍.എസ്.എസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോഷക സംഘടനകള്‍ക്ക് ആര്‍.എസ്.എസ് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."